ccl-kerala-team

സിസിഎൽ മാനേജ്മെന്റുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് ‍സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഓർഗനൈസർ സ്ഥാനത്തുനിന്ന് താരസംഘടനയായ 'അമ്മ' പിന്മാറി. നോൺപ്ളെയിങ് ക്യാപ്റ്റൻ സ്ഥാനത്ത് മോഹൻലാൽ ഉണ്ടാകില്ല. എന്നാൽ താരങ്ങൾക്ക് സ്വന്തം നിലയ്ക്ക് സിസിഎല്ലിൽ പങ്കെടുക്കുന്നതിന് അമ്മയുടെ വിലക്കില്ലെന്ന് സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കോവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിസിഎൽ വീണ്ടും എത്തിയത്. ഫെബ്രുവരി 18 മുതല്‍ അഞ്ച് വാരാന്ത്യങ്ങളിലായി ആകെയുള്ളത് പത്തൊമ്പത് മൽസരങ്ങൾ. അമ്മ ഓർഗനൈസറായുള്ള കേരള ടീമിന്റെ  നോൺപ്ളെയിങ് ക്യാപ്റ്റനും മെന്ററുമായി മോഹന്‍ലാൽ ഉണ്ടാകുമെന്നായിരുന്നു ധാരണ. എന്നാൽ  അങ്ങനെ ഒരു കരാർ ഇല്ലെന്നാണ് സിസിഎൽ മാനേജ്മെന്റുമായുള്ള ഭിന്നത സൂചിപ്പിച്ച് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം. താരങ്ങൾക്ക് പക്ഷെ വ്യക്തിപരമായി മൽസരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കില്ലെന്നും ഇടവേള ബാബു പറഞ്ഞു.

കഴിഞ്ഞ എട്ട് വർഷമായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവായിരുന്നു കേരള ടീം മാനേജർ. നിലവിൽ കുഞ്ചാക്കോ ബോബൻ നായകനായ ടീമിൽ ഉണ്ണിമുകുന്ദൻ അടക്കം അംഗങ്ങളാണ്. തുടർച്ചയായി രണ്ട് പരാജയം ഏറ്റുവാങ്ങിയ ടീമിന്റെ അടുത്ത മൽസരം ഞായറാഴ്ച തിരുവനന്തപുരത്താണ്.