republicday-03

രാജ്യത്തിന്‍റെ സൈനികശക്തിയും വൈവിധ്യവും പ്രദര്‍ശിപ്പിച്ച് തലസ്ഥാനത്ത് പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ്. മൂന്ന് സേനാ വിഭാഗങ്ങളും അണിനിരന്ന മാര്‍ച്ച് പാസ്റ്റും അയ്യായിരം കലാകാരന്‍മാര്‍ചേര്‍ന്നൊരുക്കിയ നൃത്തരൂപങ്ങളും കണ്ണിന് വിരുന്നായി. ഇന്തോനീഷ്യന്‍ പ്രസിഡന്‍റ് പ്രബൊവൊ സുബിയാന്തോ മുഖ്യാതിഥി ആയിരുന്നു

രാവിലെ ഇന്ത്യ ഗേറ്റിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചതോടെ രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം. പത്തരയോടെ ആറുകുതിരകള്‍ തെളിച്ച ബഗ്ഗിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും മുഖ്യാതിഥിയായ ഇന്തോനീഷ്യന്‍ പ്രസിഡന്‍റ് പ്രബൊവൊ സുബിയാന്തോയും കര്‍ത്തവ്യപഥിലെത്തി.  പ്രധാനമന്ത്രി ഇരുവരെയും സ്വീകരിച്ചു.

 

രാഷ്ട്രപതി ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ ഗണ്‍സല്യൂട്ട് മുഴങ്ങി. അകമ്പടിയായി ആകാശത്ത് ഹെലികോപ്റ്ററുകളും. പരേഡില്‍ ആദ്യമെത്തിയത്  ഇന്തൊനീഷ്യന്‍ സേനയും ബാന്‍ഡും.  പിന്നാലെ കര, നാവിക, വ്യോമ സേനകളും സൈനിക ശക്തി വിളിച്ചോതുന്ന ആയുധ പ്രദര്‍ശനവും. അര്‍ധസൈനിക വിഭാഗങ്ങളും എന്‍.സി.സി, എന്‍.എസ്.എസ് സംഘങ്ങളും പരേഡിന്‍റെ ഭാഗമായി.

31 നിശ്ചല ദൃശ്യങ്ങളും അയ്യായിരം കലാകാരന്‍മാരുടെ പ്രകടനങ്ങളും കര്‍ഥവ്യപഥില്‍ കാഴ്ചയുടെ വിസ്മയമൊരുക്കി. ഡെയര്‍ ഡെവിള്‍സ് എന്നറിയപ്പെടുന്ന മോട്ടോര്‍ സൈക്കിള്‍ സംഘത്തിന്‍റെ റെക്കോര്‍ഡ് പ്രകടനം.  ഒടുവില്‍ കാത്തിരുന്ന ആകാശവിസ്മയം. വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേര്‍ന്ന് ആകാശത്ത് വര്‍ണങ്ങള്‍ തീര്‍ത്തതോടെ പ്രൗഢഗംഭീരമായ ചടങ്ങുകള്‍ക്ക് സമാപനം.

അതേസമയം, റിപ്പബ്ലിക് ദിനം പ്രൗഡമായി ആചരിച്ച് സംസ്ഥാനവും. സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി. കേരളം തന്റെ സംസ്ഥാനമാണെന്നും മലയാളികൾ സിംഹങ്ങളെ പോലെയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.  ജില്ലകളിലെ റിപ്പബ്ളിക്ദിന പരേഡുകളിൽ മന്ത്രിമാർ സല്യൂട്ട് സ്വീകരിച്ചു.

ENGLISH SUMMARY:

President Droupadi Murmu lead the nation in celebrating the 76th Republic Day at Kartavya Path, with a special focus on the 75th anniversary of the Constitutions enactment and the theme of 'Jan Bhagidari' . This year’s celebrations will showcase India’s rich cultural diversity, unity, equality, development.