ചായം ചാലിച്ച് വേദനകള്‍ അലിയിച്ചവരെ ചേര്‍ത്തുപിടിച്ച് മനോരമ ന്യൂസ് കേരള കാന്‍ ഏഴാംപതിപ്പിന് ആരംഭം. അതിജീവിച്ചവര്‍ക്ക് പ്രചോദനമേകി കേരള കാനിനൊപ്പമുള്ള യാത്രയ്ക്ക് തുടക്കമിട്ട് നടിയും നര്‍ത്തകിയുമായ നവ്യ നായരും. അതിജീവനം കളറാണ് എന്ന ആശയത്തിലൂന്നിയ പുതിയ ദൗത്യത്തില്‍ അതിജീവനഗാനവുമായി വിനീത് ശ്രീനിവാസനും പങ്കാളിയായി.

 

തിരികെ പിടിച്ച ജീവിതം എങ്ങനെ നിറപ്പകിട്ടുള്ളതാക്കാം ? അര്‍ബുദത്തെ വരച്ച വരയില്‍നിര്‍ത്തി  മുന്നേറുന്നവര്‍ക്കൊപ്പം കേരള കാനിന്റെ പുതിയ യാത്ര. അതിജീവനം കളറാണ് എന്ന ആശയം അന്വര്‍ഥമാക്കിയാണ് പരിപാടിയുടെ തുടക്കം. ക്യാന്‍സറിനെ തോല്‍പ്പിച്ച് ഛായക്കൂട്ടില്‍ ജീവിതമെഴുതുന്ന ബിനു കൊട്ടരക്കര, വി.സി. ബിന്ദു, രാജി പിഷാരസ്യാര്‍, അര്‍ബുദബാധിതരെ ചിത്രരചന അഭ്യസിപ്പിക്കുന്ന സുലോചന മാഹി എന്നിവര്‍ കേരള കാന്‍ പ്രത്യേകപരിപാടിക്ക് നിറം നല്‍കാനെത്തി. വരയില്‍ വര്‍ണംചാലിച്ചവര്‍ക്ക് പ്രചോദനമേകി കേരള കാനിനൊപ്പമുള്ള യാത്രയ്ക്ക് തുടക്കമിട്ട് നടിയും നര്‍ത്തകിയുമായ നവ്യ നായര്‍.

 

സംഗീതം നിറഞ്ഞൊഴുകിയ വേദി. കാന്‍സറിന്റെ പേരില്‍ ഭയന്നോടരുതെന്ന് ഓര്‍മിപ്പിച്ച് ഡോ. അരുണ്‍ ആര്‍. വാരിയര്‍ സംശയങ്ങളോട് പ്രതികരിക്കാനെത്തി. അതിജീവനം കളറാണെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച കേരള കാന്‍ ദൗത്യത്തെ ഇത്തവണ ഫാം ഫെഡും ഹോസ്പിറ്റല്‍ പാര്‍ട്ണറായി ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുമാണ് ദൗത്യത്തെ പിന്തുണയ്ക്കുന്നത്.

 

A colorful start to the 7th edition of Manorama News Kerala Can