നെടുമ്പാശേരി വിമാനതാവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്ടര്‍ പരീക്ഷണ പറക്കലിനിടെ നിലംപതിച്ചു. 150 അടി ഉയരത്തില്‍നിന്ന് റണ്‍വേയിലേക്ക് വീണ ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് രണ്ട് മണിക്കൂര്‍ വിമാനസര്‍വീസ് നിര്‍ത്തിവെച്ചു.
നെടുമ്പാശേരി വിമാനതാവളത്തിന് സമീപത്തെ കോസ്റ്റ് ഗാര്‍ഡിന്‍റെ കേന്ദ്രത്തില്‍ നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോഗെ പറന്നുയര്‍ന്ന ധ്രുവ് ഹെലികോപ്റ്റര്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിയന്ത്രണംവിട്ട് നിലംപൊത്തി. വീണത് റണ്‍വേയ്ക്ക് അഞ്ച് മീറ്റര്‍ അകലെ. ഒരു മിനിറ്റ് വൈകാതെ രക്ഷാപ്രവര്‍ത്തനം. ആംബുലന്‍സുകളും അഗ്നിരക്ഷാ യൂണിറ്റുകളും സ്ഥലത്തേക്ക് പാഞ്ഞെത്തി. ഹെലികോപ്റ്ററിനുള്ളിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷിച്ചു. ഹെലികോപ്റ്റര്‍ പറത്തിയ ക്യാപ്റ്റന്‍റെ പരിചയസമ്പത്തും തീപിടിക്കാതിരുന്നതും വന്‍ദുരന്തം ഒഴിവാക്കി. സമീപത്തുണ്ടായിരുന്ന മറ്റ് വിമാനങ്ങളിലേക്കോ ജനവാസമേഖലയിലേക്കോ പോകാതെ ഹെലികോപ്റ്റര്‍ റണ്‍വേയില്‍ തന്നെ ഇടിച്ചിറക്കി.
കൂറ്റന്‍ ക്രെയിനുകളെത്തിച്ച് ഹെലികോപ്റ്റര്‍ റണ്‍വേയില്‍ നിന്ന് സുരക്ഷിത അകലത്തിലേക്ക് മാറ്റി ഉച്ചയ്ക്ക് രണ്ടരയോടെ വിമാന സര്‍വീസ് പുനരാരംഭിച്ചു. കോസ്റ്റ് ഗാര്‍ഡ് ഒരുവര്‍ഷം മുന്‍പ് കമ്മീഷന്‍ ചെയ്തതാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍. രണ്ടാഴ്ച മുന്‍പ് മുബൈയിലും കടലില്‍ നിരീക്ഷണത്തിനിടെ ധ്രുവ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടിരുന്നു.
Coast guard helicopter crash at Nedumbassery