മദ്യത്തിനു ബജറ്റില്‍ പ്രഖ്യാപിച്ചതിലുമേറെ വിലകൂടും. ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍   പ്രഖ്യാപിച്ചതിലും പത്തുരൂപയാണ് മദ്യത്തിനു കൂടുക. അഞ്ഞൂറു രൂപയ്ക്കു മുകളിലുള്ള മദ്യത്തിനു 20 രൂപയും ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിനു 40 രൂപയും കൂടുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. നാളെ മുതല്‍ പുതുക്കിയ പ്രാബല്യത്തിലാകും.

മന്ത്രി പറഞ്ഞത് പറ്റിപ്പാണെന്നാണ് യഥാര്‍ഥ വില പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. കൂട്ടുന്ന വിലയ്ക്കൊപ്പം വിറ്റുവരവ്, വില്‍പന നികുതികള്‍ കൂടി ചേരുമ്പോള്‍ 20 രൂപയ്ക്കു പകരം 30 രൂപയും, നാല്‍പതു രൂപയ്ക്കു പകരം അന്‍പതു രൂപയുമാണ് വര്‍ധിക്കുക.അതായത് 610 രൂപയുടെ ജവാന്‍ വാങ്ങുമ്പോള്‍ ഇനി  640 രൂപയും 1040 രൂപ വിലയുള്ള എം.എച്ചിനു 1090 രൂപയും നല്‍കേണ്ടി വരുമെന്നര്‍ഥം. 

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെസിനൊപ്പം 247 ശതമാനം വിറ്റുവരവ് നികുതിയും 5 ശതമാനം വില്‍പന നികുതിയും ചേരുമ്പോഴാണ് 10 രൂപയുടെ വര്‍ധനയുണ്ടാകുന്നത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഫണ്ടു രുപീകരിക്കുന്നതിനായാണ് 20 രൂപയും 40 രൂപയും സെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ഫെബ്രുവരി 17 നാണ് മദ്യകമ്പനികള്‍ ബവ്ക്കോയ്ക്ക് നല്‍കേണ്ട വിറ്റുവരവ് നികുതി ഒഴിവാക്കിയപ്പോഴുള്ള നഷ്ടം നികത്താന്‍ പത്തു രൂപ മുതല്‍ 20 രൂപ വരെ വര്‍ധിപ്പിച്ചത്. ചുരുക്കത്തില്‍ രണ്ടു മാസത്തിനിടെ മദ്യത്തിന്‍റെ കുപ്പിയൊന്നിനു 70 രൂപവരെ വര്‍ധിപ്പിച്ചു.