• 'ബാറിലേക്ക് ആളെത്തുന്നില്ല'
  • നഗരത്തില്‍ അഞ്ചു കിലോമീറ്റര്‍ ദൂരപരിധി
  • പഞ്ചായത്തില്‍ പത്തു കിലോമീറ്റര്‍

സംസ്ഥാനത്ത് ബാറുകള്‍ക്ക് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഔട്​ലറ്റുകള്‍ വേണ്ടെന്ന് ബാറുടമ അസോസിയേഷന്‍. ബവ്കോയ്ക്ക് നല്‍കിയ നിവേദനത്തിലാണു വാദം. ഔട്​ലറ്റുകളില്‍ വില്‍ക്കുന്ന മദ്യത്തിന്‍റെ വിലകൂട്ടണമെന്നും ബാറുടമാ അസോസിയേഷന്‍.

ബാറുകളുടെ എണ്ണം റോക്കറ്റ് പോലെ കുതിച്ചുയരുന്നകാലത്ത് ഇതുവരെ തുടരുന്ന രീതി പറ്റില്ലെന്നാണ് ബാറുടമകളുടെ നിലപാട്. നഗരത്തില്‍ അഞ്ചു കിലോമീറ്ററിനുള്ളിലും പഞ്ചായത്തില്‍ പത്തു കിലോമീറ്ററിനുള്ളിലും ബാറുകള്‍ക്ക് സമീപത്ത് ഔട്​ലറ്റ് അനുവദിക്കേണ്ടെന്നാണ് ബവ്കോയോട് ആവശ്യപ്പെടുന്നത്. നേരത്തെ സര്‍ക്കാരിനു മുന്നിലും ബവ്കോ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. 

മദ്യത്തിനു മേല്‍ ഔട്​ലറ്റ് ലാഭം കൂട്ടണമെന്നും ബാറുടമകള്‍ ആവശ്യപ്പെടുന്നു. നിലവില്‍ 20 ശതമാനം ലാഭമാണ് മദ്യം വില്‍ക്കുമ്പോള്‍ കിട്ടുന്നത്. അതു ഇരുപത്തിയഞ്ചോ മുപ്പതോ ശതമാനമാക്കി മാറ്റണം. ഇതു ഔട്​ലറ്റുകളെ നന്നാക്കാനാണെന്നു തെറ്റിദ്ധരിക്കരുത്. ലാഭം കൂടുതലെടുത്താല്‍ മദ്യത്തിന്‍റെ വിലകൂടും. അങ്ങനെ വന്നാല്‍ ഔട്​ലറ്റിനെ ഉപേക്ഷിച്ച് ആളുകള്‍ ബാറുകളിലേക്കെത്തും. 

842 ബാറുകളാണ് നിലവിലുള്ളത്. ഇനിയും അന്‍പതോളം എണ്ണം ലൈസന്‍സ് കാത്ത് കിടപ്പുണ്ട്. ഇതോടെയാണ് ഔട്​ലറ്റുകളെ പിടിക്കാന്‍ ബാറുകാര്‍ രംഗത്തെത്തിയത്. പൂട്ടിയ ഔട്ട്ലറ്റുകള്‍ തുറക്കാനായി ബവ്കോ ശ്രമിക്കുമ്പോള്‍ വലിയ പ്രതിഷേധമാണുണ്ടാകുന്നത്. ഇതിനു പിന്നില്‍ ബാറുകാരാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ബാറിനടുത്ത് ഔട്്ലെറ്റ് വേണ്ടെന്ന നിവേദനവുമായി ബാറുടമകള്‍ തന്നെ ബവ്കോയെ സമീപിച്ചത്. 

ENGLISH SUMMARY:

The liquor price should be increased, and no Bevco outlet should be allowed within a five-kilometer radius of a bar, demands the Bar Association