മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ശ്രീറാമിനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. നരഹത്യ കുറ്റം ചുമത്താൻ പര്യാപ്തമായ വസ്തുതകൾ കേസിലുണ്ടെന്ന് കോടതി വിലയിരുത്തി. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കൂട്ടുപ്രതി വഫ ഫിറോസിനെ കേസിൽ നിന്നും ഒഴിവാക്കി. അമിത വേഗത്തിൽ വാഹനം ഓടിക്കാൻ ശ്രീറാമിനെ പ്രേരിപ്പിച്ചുവെന്നായിരുന്നു വഫക്കെതിരായ കുറ്റം.
ആശുപത്രിയിൽ എത്തിച്ചപ്പോൾ ശ്രീറാമിൽ നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് ഡോക്ടറുടെ മൊഴി ഉണ്ടെന്നും ഈ മൊഴി തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിച്ചില്ല എന്നും സർക്കാർ വാദിച്ചിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചു എന്ന് സംശയിക്കുന്നയാൾ വൈദ്യ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ മദ്യപിച്ചതായി കണക്കാക്കാമെന്ന് മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് നരഹത്യ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയത്
culpable homicide charge will remain on Sriram Venkitaraman; High court