ജസ്റ്റിസ് എസ്.വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. അഞ്ച് ചീഫ് ജസ്റ്റിസുമാരുടെ നിയമന ശുപാർശ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് നൽകി. ജസ്റ്റിസ് എസ്.മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശ കൊളീജിയം പിൻവലിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് സരസ വെങ്കിട്ടനാരായണ ഭട്ടിയെ നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശി. 1987 മുതൽ അഭിഭാഷകനായി പ്രാക്ടീസുചെയ്യുന്നു. 2013ൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജ്. 2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതിയിൽ ജഡ്ജ്. സീനിയർ ജഡ്ജ് എന്നനിലയിൽ ജസ്റ്റിസ് ഭട്ടിയുടെ അനുഭവ സമ്പത്തിനൊപ്പം നിലവിൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ നിന്നുള്ള ആരും രാജ്യത്തെ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരായി സേവനമനുഷ്ഠിക്കുന്നില്ല എന്നതും കൊളീജിയം പരിഗണിച്ചു. 

 

ജസ്റ്റിസ് എസ്.വി ഗംഗാപുർവാലയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ജസ്റ്റിസ് ആർ.ഡി ധനുകയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായും ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവുവിനെ ഹിമാചൽപ്രദേശ് ചീഫ്ജസ്റ്റിസായും ജസ്റ്റിസ് എ.ജി മസിഹിനെ പഞ്ചാബ് ആൻഡ് ഹരിയാന ചീഫ് ജസ്റ്റിസായും നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് എസ് മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാൻ വൈകുന്നതിനാൽ കൊളീജിയം തിരിച്ചു വിളിച്ചു. കൂടാതെ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ടി രാജയെ മാറ്റാനുള്ള മുൻശുപാർശ കൊളീജിയം ശക്തമായി ആവർത്തിച്ചു.

 

Kerala High court new Chief justice