'ജോമോന്റെ സുവിശേഷങ്ങളി'ല്‍ തമിഴ്നാട്ടുകാരന്‍ പെരുമാളിനെ അവതരിപ്പിച്ച് മലയാളത്തിന്റെ മനംകവര്‍ന്ന നടന്‍ മനോബാല (69) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്നു. ഉഷയാണ് ഭാര്യ. ഏകമകന്‍ ഹരീഷ്.
1979ല്‍ ഭാരതിരാജയുടെ 'പുതിയ വാര്‍പ്പുഗള്‍' എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് മനോബാല സിനിമയില്‍ അരങ്ങേറിയത്. 1982ല്‍ സ്വതന്ത്രസംവിധായകനായി. കാര്‍ത്തിക്കും സുഹാസിനിയും മുഖ്യവേഷത്തിലെത്തിയ അഗയ ഗംഗൈ ആയിരുന്നു മനോബാല സംവിധാനം ചെയ്ത ആദ്യചിത്രം. പിന്നീട് അദ്ദേഹം 24 സിനിമകള്‍ ഒരുക്കി. മൂന്ന് ടെലിവിഷന്‍ പരമ്പരകളും സംവിധാനം ചെയ്തു.
'പുതിയ വാര്‍പ്പുഗളി'ല്‍ത്തന്നെയാണ് നടനായും മനോബാല അരങ്ങേറ്റം കുറിച്ചത്. അതിലെ പഞ്ചായത്ത് മെമ്പറുടെ വേഷം ശ്രദ്ധേയമാക്കിയ അദ്ദേഹം പിന്നീട് മുന്നൂറ്റിനാല്‍പതോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. തമിഴ് ഹാസ്യതാരങ്ങളില്‍ തനതായ വഴിവെട്ടിയ മനോബാല തുപ്പാക്കി, സിരുതൈ, യാരടി നീ മോഹിനി, പിതാമഗന്‍ തുടങ്ങി അനേകം ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. മലയാളത്തില്‍ മൂന്ന് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ആദ്യചിത്രമായ 'ജോമോന്റെ സുവിശേഷങ്ങള്‍' മികച്ച അഭിപ്രായം നേടി. ബി.ടെക്, വിഡ്ഢികളുടെ മാഷ് എന്നിവയാണ് മറ്റുചിത്രങ്ങള്‍.
തമിഴില്‍ മൂന്ന് സിനിമകള്‍ നിര്‍മിച്ചു. 2021ല്‍ നിര്‍മിച്ച ചതുരംഗവേട്ടൈ രണ്ടാം ഭാഗം റിലീസ് ചെയ്തിട്ടില്ല. തെലുങ്കില്‍ അടുത്തിടെ ഇറങ്ങിയ വാള്‍ട്ടര്‍ വീരയ്യ ഉള്‍പ്പെടെ പത്തിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Actor-director Manobala passes away at 69