karnataka-cabinet-discussio

കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി പദവിയില്‍ ഒരാള്‍ മാത്രം മതിയെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി വിവിധ മത സാമുദായിക സംഘടനകള്‍. പരമവാധി മന്ത്രിസ്ഥാനങ്ങള്‍ കിട്ടുമെന്നും ജഗദീഷ് ഷെട്ടര്‍ കൂടി മന്ത്രിസഭയിലേക്കു വരുമെന്നും ലിംഗായത്ത് സമുദായ സംഘടനയായ വീരശൈവ മഹാസഭ നേതാവ് ശാമന്നൂര്‍ ശിവശങ്കരപ്പ മനോരമ ന്യൂസിനോടു പറഞ്ഞു.  ഹൈക്കമാന്‍ഡ് നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിയുള്ള മന്ത്രിസഭാരൂപീകരണ ചര്‍ച്ച നടക്കുക. 

 

ശനിയാഴ്ച മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം 19 മന്ത്രിമാര്‍ സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും. ഇതില്‍ 10 പേരുകളില്‍ ഡി.കെ. ശിവകുമാര്‍, സിദ്ധരാമയ്യ വിഭാഗങ്ങള്‍ തീരുമാനമായി. 9 പേര് സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്. സംഘടനാകാര്യ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയിലാകും ബാക്കിയുള്ളവരെ  തീരുമാനിക്കുക. പ്രബലരായ ലിംഗായത്ത് വെക്കലിഗ വിഭാഗങ്ങള്‍ക്ക് നാലുവീതം മന്ത്രിസ്ഥാനം നല്‍കാനാണു ധാരണ. ജഗദീഷ് ഷെട്ടാറടക്കം പരമാവധി ലിംഗായത്തംഗങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടാകുെമന്ന് ലിംഗായത്ത് സമുദായ നേതാവ് കൂടിയായ  മുതിര്‍ന്ന എം.എല്‍.എ ശാമന്നൂര്‍ ശിവശങ്കരപ്പ വ്യക്തമാക്കി. 

 

മുസ്‌ലിം വിഭാഗത്തില്‍ നിന്നു മൂന്നുപേര്‍ മന്ത്രിസഭയിലെത്തും. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ്  സമീര്‍ അഹമ്മദ്, ചാമരാജ് പേട്ട് എം.എല്‍.എയായ  സമീര്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ ഏതാണ്ട് ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. ഹിജാബണിഞ്ഞു മത്സരിച്ച് ദേശീയ ശ്രദ്ധ നേടിയ  കലബുറഗി നോര്‍ത്ത് എം.എല്‍.എ ഖനീസ് ഫാത്തിമയും മന്ത്രിസഭയിലെത്തുെമന്നാണു സൂചന. മുന്‍ ആഭ്യന്തര മന്ത്രിയും  മലയാളിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ജെ. ജോര്‍ജിന് മന്ത്രിസഭയിലെ സുപ്രധാന വകുപ്പിന്റെ ചുമതലയുണ്ടാകും