kollamkode-kattana-1

 

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറകളത്തിലെ കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കുട്ടി ഉള്‍പ്പെടെയുള്ള പത്തിലധികം കാട്ടാനകളിറങ്ങി തെങ്ങും വാഴകളും നശിപ്പിച്ചത്. വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം പരിശ്രമിച്ചാണ് കാട്ടാനക്കൂട്ടത്തെ കാട് കയറ്റിയത്. പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തേക്കിൻചിറകളത്തിൽ സഹദേവന്റെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. കുട്ടി ഉള്‍പ്പെടെയുള്ള പത്തിലധികം വരുന്ന കൂട്ടം. സഹദേവന്റെ സഹോദരൻ വിശ്വനാഥന്റെ കൃഷിയിടത്തിലും കാട്ടാനക്കൂട്ടമിറങ്ങി. ഇരുന്നൂറിലധികം വാഴ, നൂറിലധികം തെങ്ങ് എന്നിവ കാട്ടാനക്കൂട്ടം നശിപ്പിച്ചു. 

 

മൂന്ന് ദിവസമായി വനാതിര്‍ത്തിയില്‍ കാട്ടാനക്കൂട്ടമുണ്ട്. രാവിലെയും വൈകീട്ടുമാണ് കാടിറങ്ങി കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയില്‍ പലകപ്പാണ്ടി ഭാഗത്തെ സൗരവേലി ഏഴംഗ കാട്ടാനക്കൂട്ടം തകര്‍ത്തു. വനപാലകസംഘം പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും ആനക്കൂട്ടത്തെ കാട് കയറ്റിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും കൃഷിയിടത്തിലേക്കിറങ്ങി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തുരത്താനായത്. കാട്ടാന ശല്യം തടയാൻ തൂക്കുവേലിയും കിടങ്ങും നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംരക്ഷണ സമിതി ഭാരവാഹികൾ വനം വകുപ്പിന് നിവേദനം നല്‍കി. മുതലമട പഞ്ചായത്തിലെ ചെമ്മണാംപതി മുതൽ എലവഞ്ചേരി വരെയുള്ള പ്രദേശത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും കാട്ടാനകൾ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുയാണ്. ത്രിതല പഞ്ചായത്തുകള്‍ തൂക്കുവേലി നിര്‍മാണത്തിനായി ഒരു കോടിയിലധികം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും നിര്‍മാണം തുടങ്ങാനായില്ല.

 

Palakkad Kollengode elephant