മംഗളുരു സോമേശ്വര്‍ ബീച്ചിലെത്തിയ മലയാളി വിദ്യാര്‍ഥി സംഘത്തിനു നേരേ ക്രൂരമായ സദാചാര ആക്രമണം. കാസര്‍കോട് ചെങ്കള സ്വദേശികളായ മൂന്നുപേരെ മംഗളുരുവിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഏഴു പേര്‍ പിടിയിലായി. സദാചാര ഗുണ്ടാ അക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ണാടകയിലുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.
വര്‍ഗീയ ചുവയുള്ള സദാചാര ഗുണ്ടാ ആക്രമണമാണ് ഇന്നലെ രാത്രി ഉള്ളാള്‍ സോമേശ്വര ബീച്ചില്‍ ഉണ്ടായത്. നഗരത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നവരും സുഹൃത്തുക്കളുമായ ആറംഗ മലയാളി സംഘം വൈകീട്ടാണു ബീച്ചിലെത്തിയത്. ബീച്ചിലെ പാറയിലിരിക്കുമ്പോള്‍ തീവ്രഹിന്ദുത്വ സംഘടനയില്‍പെട്ട ഒരുസംഘം ഇവരുടെ അടുത്തെത്തി പേരുവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ടവരാണന്ന് ഉറപ്പാക്കി. തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവാങ്ങാനുള്ള ശ്രമത്തെ വിദ്യാര്‍ഥികള്‍ ചെറുത്തു. തുടര്‍ന്നു മുപ്പതിലധികം വരുന്ന ആള്‍ക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കല്ലും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ചെങ്കള സ്വദേശികളായ സഫര്‍ ശരീഫ്, മുജീബ്, ആഷിഖ് എന്നിവര്‍ക്കു സാരമായി പരുക്കേറ്റു. കല്ലുകൊണ്ടുള്ള ഇടിയില്‍ ഒരാളുടെ പല്ല് ഇളകി. ബീച്ചിലുണ്ടായിരുന്നവര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉള്ളാള്‍ പൊലീസെത്തിയാണു പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്.
രാത്രി തന്നെ മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ നേരിട്ടെത്തി പരുക്കേറ്റവരില്‍ നിന്നു മൊഴിയെടുത്തു. രണ്ടു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു പ്രതികള്‍ക്കായി തിരച്ചിലും തുടങ്ങി. രാവിലെ ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. നേരത്തെയും വര്‍ഗീയ ചുവയുള്ള സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ മംഗളുരുവിലും സമീപ പ്രദേശങ്ങളിലുമുണ്ടായിരുന്നു.
Moral attack on medical students