rationfishermen-19

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി പത്തുദിവസം പിന്നിടുമ്പോഴും മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷനില്ല. കടലില്‍ പോകാനാകാതെ വരുമാനം നിലച്ച കുടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കുമെന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപനമാണ് എങ്ങുമെത്താതെ നീളുന്നത്. സൗജന്യ റേഷനൊപ്പം പ്രത്യേക സാമ്പത്തിക സഹായവും അനുവദിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

കടലിരമ്പും പോലെ കടലറിഞ്ഞ മനുഷ്യരുടെ മനസും കലങ്ങിമറിയുകയാണ്. വരുമാനം നിലച്ച് അശാന്തമായ മുഖങ്ങള്‍. തീരം പോലെ മത്സ്യത്തൊഴിലാളിയുടെ കീശയും ശൂന്യം. ട്രോളിങ് നിരോധന കാലയളവില്‍ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ പ്രഖ്യാപനം. ബോട്ടുകള്‍ കരയ്ക്ക് അടുത്തിട്ട് പത്തുദിവസം കഴിഞ്ഞു. പക്ഷേ റേഷന്‍ മാത്രം ഇല്ല. 

 

ഹാര്‍ബറുകളില്‍ അനുബന്ധ ജോലികള്‍ ചെയ്യുന്നവരും പ്രതിസന്ധിയിലാണ്. മത്സ്യബന്ധന മേഖലയക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ വകുപ്പുകളുടെ മെല്ലെപ്പോക്കിലാണ് തീരദേശത്തിന് ആശങ്ക. ഉത്തരവ് ലഭിക്കാത്തുകൊണ്ടാണ് റേഷന്‍ വിതരണം വൈകുന്നതെന്ന് പൊതുവിതരണ വകുപ്പ് പറയുന്നു. നടപടികള്‍ വേഗത്തിലാക്കുമെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ വിശദീകരണം. 

 

Fishermen demands free ration and special allowance