തീരമേഖലയോട് കേന്ദ്രസംസ്ഥാന സർക്കാരുകൾ വിവേചനം കാട്ടുന്നതായി ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നീണ്ടകര ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ഡീസലും മണ്ണെണ്ണയും പെട്രോളും ഉപയോഗിച്ച് മീൻ പിടിക്കുന്ന എല്ലാ യാനങ്ങള്‍ക്കും ഇന്ധന സബ്സിഡി അനുവദിക്കുക, ലൈസന്‍സ് ഫീസ് കുറയ്ക്കുക തുടങ്ങി പത്ത് ആവശ്യങ്ങൾ ഉന്നയിച്ചാണ് മീൻപിടുത്ത തൊഴിലാളികൾ സൂചന സമരം നടത്തിയത്. ബോട്ടുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിലെ നിയന്ത്രണവും വിവേചനവും അവസാനിപ്പിക്കണമെന്ന് ബോട്ട് ഉടമകൾ ആവശ്യപ്പെട്ടു. വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസ് കുറയ്ക്കണം. പരമ്പരാഗത, യന്ത്രവല്‍കൃത ബോട്ടുകളിലെ തൊഴിലാളികള്‍ ഉൾപ്പെടെ നൂറിലധികം പേർ സമരത്തിന്റെ ഭാഗമായി.
ക്ഷേമനിധി ആനുകൂല്യങ്ങൾ ഉൾപ്പെടെ മുടങ്ങുന്നതായും തൊഴിലാളികൾ ചൂണ്ടിക്കാട്ടി. സർക്കാർ ഇടപെടൽ ഉണ്ടാകുന്നില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.