അധ്യാപക ജോലിക്കായി എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ വ്യാജരേഖ നിർമിച്ചെന്ന് പൊലീസിനോട് സമ്മതിച്ചതായി പ്രോസിക്യൂഷൻ. വിവാദമായതിന് പിന്നാലെ വ്യാജരേഖ നശിപ്പിച്ചു. വ്യാജ സീൽ കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് ഓൺലൈനായാണ് സീൽ നിർമിച്ചതെന്നും ഇതിന്റെ യഥാർഥ രേഖ കണ്ടെത്തുന്നതിന് ശ്രമം തുടരുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അഗളി കേസിൽ വിദ്യക്ക് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചെങ്കിലും കരിന്തളം കോളജിലെ വ്യാജരേഖ കേസിൽ നീലേശ്വരം പൊലീസിന് മുന്നിൽ വിദ്യ അടുത്തദിവസം ചോദ്യം ചെയ്യലിന് ഹാജരാവണം. 

 

വിവാദമുയർന്നതോടെ രേഖകളുടെ ഒറിജിനൽ വിദ്യ നശിപ്പിച്ചു. സൈബർ വിദഗ്ധരുടെ സഹായത്തോടെ ഇത് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുള്ളതായി നിലവിൽ വിവരമില്ല. വേണ്ടത്ര രേഖകൾ കിട്ടിയതിനാലാണ് വിദ്യയെ കൂടുതൽ ഇടങ്ങളിലെത്തിച്ച് തെളിവെടുക്കാത്തതെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. പിടിച്ചെടുത്ത രേഖകൾ പൂർണമായും കോടതിയിൽ സമർപ്പിച്ചു. പൊലീസ് നിരത്തുന്നത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. വിദ്യ ഒരു രേഖയും തയ്യാറാക്കിയിട്ടില്ല. മികച്ച അക്കാദമിക് നിലവാരമുള്ളയാൾ എന്തിന് കൃത്രിമം കാണിക്കണം. വിദ്യയെ തകർക്കാൻ മറ്റ് ചിലരുടെ ആസൂത്രണം ഇതിന് പിന്നിലുണ്ട്. 

 

വിദ്യ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിച്ചിട്ടുണ്ട്. ഇനിയും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ്. ചോദ്യം ചെയ്യലിനായി ഇതുവരെ ഒരു നോട്ടിസ് പോലും നൽകിയിട്ടില്ലെന്ന പ്രതിഭാഗം വാദത്തിന് എത്തിയ സമയം വിദ്യ വീട്ടിലുണ്ടായിരുന്നില്ലെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. വിദ്യയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവണം. സാക്ഷികളെ സ്വാധീനിക്കരുത്. കേരളം വിട്ടു പോകരുത്. അൻപതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യം എന്നീ നിർദേശങ്ങൾ ജാമ്യ വ്യവസ്ഥയിലുണ്ട്. നീലേശ്വരം പൊലീസ് കരിന്തളം കോളജിലെ വ്യാജരേഖ കേസിൽ വിദ്യയുടെ അറസ്റ്റിന് അനുമതി തേടിയെങ്കിലും 41 എ പ്രകാരമുള്ള നോട്ടിസ് കൈമാറി മൂന്നാം ദിവസം നേരിട്ട് സ്റ്റേഷനിൽ ഹാജരാവാനായിരുന്നു കോടതി നൽകിയ നിർദേശം.

 

കരിന്തളം കോളജിൽ സമർപ്പിച്ച വ്യാജരേഖ കേസിലാണ് വിദ്യയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്യുക. തിങ്കളാഴ്ചയോ അടുത്ത ദിവസമോ നോട്ടിസ് പ്രകാരം വിദ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നേരിട്ടെത്തും

K.Vidya granted bail with strict conditions