കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റ് വിതരണം വെട്ടിച്ചുരുക്കുന്നു. ഇക്കുറി മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിക്കുക. ഇതിന് പുറമേ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികൾക്ക് കിറ്റ് നൽകും. കഴിഞ്ഞതവണത്തെപ്പോലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണ ഓണക്കിറ്റ് നൽകാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. ഇതോടെ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക. ഇതിന് മാത്രം 30 കോടി രൂപ വേണ്ടിവരും. മുൻഗണനാ വിഭാഗത്തിൽ വരുന്ന 35.52 ലക്ഷം പിങ്ക് കാർഡ് ഉടമകൾക്ക് കൂടി കിറ്റ് നൽകാൻ 300 കോടി രൂപ ചെലവ് വരും.
കഴിഞ്ഞതവണ ഓണക്കിറ്റ് വിതരണം ചെയ്ത വകയിൽ സർക്കാരിനുള്ള ചെലവ് 425 കോടിയാണ്. 500 രൂപ ചെലവ് വരുന്ന 13 ഇനങ്ങൾ അടങ്ങിയ കിറ്റാണ് എല്ലാ കാർഡ് ഉടമകൾക്കും നൽകിയത്. അന്ന് 90 ലക്ഷം കാർഡ് ഉടമകളാണുണ്ടായിരുന്നത് ഇന്ന് 93.76 ലക്ഷം കാർഡ് ഉടമകളുണ്ട്. കഴിഞ്ഞ തവണ കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ ഇനത്തിൽ 45 കോടി രൂപ നൽകാനുണ്ട്. ഇത് നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ ഇതിനുള്ള തുകയും കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ഭക്ഷ്യവകുപ്പ്.
Govt is planning to distribute Onam kit to yellow card holders only