മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായതിന് കേസെടുത്ത് പൊലീസ്. തിങ്കളാഴ്ച  അയ്യങ്കാളി ഹാളിൽ കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെയാണ് മൈക്ക് തകരാറിലായി പ്രസംഗം തടസപ്പെട്ടത്. തകരാറിന്റെ കാരണം കണ്ടെത്താനാണ് കേസെന്നാണ് വിചിത്ര നടപടിക്ക് പൊലീസിന്റെ വിശദീകരണം. എഫ്ഐആറിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു

 

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കാൻ വരുന്നു. ആദ്യം തന്നെ സദസിൽ നിന്ന് ഉമ്മൻ ചാണ്ടി അനുകൂല മുദ്രാവാക്യം. നേതാക്കൾ ഇടപെട്ട് മുദ്രാവാക്യം അവസാനിപ്പിച്ച് പ്രസംഗിച്ച് തുടങ്ങിയതോടെ അടുത്ത തടസം. ഇതിനെ വെറുമൊരു മൈക്ക് തകരാറായി കാണാൻ പൊലീസ് തയാറല്ല. അതുകൊണ്ട് സമീപകാല ചരിത്രത്തിലാദ്യമായി മൈക്ക് കേടായതിന് കേസെടുത്തു. പൊലീസ് സ്വമേധയാ എടുത്ത കേസിൽ അറിഞ്ഞു കൊണ്ട് പൊതു സുരക്ഷക്ക് ഭീഷണിയാവുന്ന പ്രവൃത്തി ചെയ്യുകയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

 

ആരെയും പ്രതി ചേർത്തിട്ടില്ല. പക്ഷെ മൈക്ക് തകരാറിന്റെ കാരണം കണ്ടെത്താനായി മൈക്ക് ഓപ്പറൈറ്ററും സംഘാടകരും ഉൾപ്പെടെ പലരെയും ചോദ്യം ചെയ്യാനാണ് തീരുമാനം. നാൽപ്പതിലേറെ പേർ പ്രസംഗിച്ച വേദിയൽ മുഖ്യമന്ത്രി സംസാരിച്ചപ്പോൾ മാത്രം മൈക്ക് തകരാറിലായത് അട്ടിമറിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് കേസെടുപ്പിച്ചത്.

 

Mike malfunction intentional; The speech was interrupted by howling; FIR