തന്നേക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥന് പൊലീസ് മേധാവിയായപ്പോള്‍ സ്വയംവിരമിക്കാന്‍ ആഗ്രഹിച്ചതായി ഡിജിപി ടോമിൻ തച്ചങ്കരി മനോരമ ന്യൂസിനോട് . തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനാണ് പിന്തിരിപ്പിച്ചത്. ഞാന്‍ പൊലീസ് മേധാവി സ്ഥാനത്ത് എത്താത്തതിൽ സർക്കാരിന് പങ്കില്ലെന്നും തച്ചങ്കരി മനോരമ ന്യൂസിനോട് പറഞ്ഞു.
വ്യാജ സിഡി കേസില്‍ തന്നെ വില്ലനാക്കിയത് സഹപ്രവർത്തകനായിരുന്ന ഋഷിരാജ് സിങ്ങെന്നും തച്ചങ്കരി തുറന്നടിച്ചു. റജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം കേസുകളില്‍ ഒന്നിനുപോലും കുറ്റപത്രം സമര്‍പ്പിച്ചില്ല. ഓവർ ആക്ടീവായ ഉദ്യോഗസ്ഥന് ജനം കയ്യടിച്ചു. ഭരണനേതൃത്വം നിയന്ത്രിച്ചതുമില്ല. ഐപിഎസിനെ ഇന്ത്യൻ പബ്ലിസിറ്റി സർവീസാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്.
കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന് ബിസിനസ് അറിയില്ല. എല്ലാമാസവും ഒന്നാംതിയതി ശമ്പളം നല്കിയ എം.ഡിയാണ് താന്‍. ഇപ്പോള്‍ എന്തുകൊണ്ട് ശമ്പളം കൊടുക്കാൻ കഴിയുന്നില്ലെന്ന് മനസിലാകുന്നില്ല. യൂണിയനുകളെ നിയന്ത്രിച്ചാൽ കെഎസ്ആർടിസിയെ രക്ഷപ്പെടുത്താമെന്നും തച്ചങ്കരി പറഞ്ഞു.
ലഹരി ഒഴുക്ക് നിയന്ത്രിക്കാന്‍ പൊലീസിനെക്കൊണ്ട് മാത്രം സാധിക്കില്ല. കഞ്ചാവ് ഉൾപ്പടെയുള്ള പ്രകൃതിദത്ത ലഹരി നിയമവിധേയമാക്കണം. അത് നിയന്ത്രിത അളവിൽ ലഭ്യമാക്കാൻ സർക്കാരുകൾ നടപടിയെടുക്കണം. അതേസമയം രാസലഹരിക്കെതിരെ ശക്തമായ നടപടിവേണമെന്നും തച്ചങ്കരി മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തച്ചങ്കരിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്ന് രാത്രി 7.30ന് മനോരമ ന്യൂസില്‍ കാണാം