മുസ്‌ലിം സംഘടനകളുടെ എതിർപ്പിനിടെ പരിഷ്‌കരിച്ച വഖഫ് നിയമഭേദഗതി ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും. ബില്ലിനെ ശക്തമായി എതിർക്കാൻ കോൺഗ്രസ് തീരുമാനിച്ചു. നിർബന്ധമായും സഭയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും കോൺഗ്രസും അംഗങ്ങൾക്ക് വിപ്പ് നൽകി. മുൻപ് അവതരിപ്പിച്ച ബില്ലിൽ വലിയ മാറ്റങ്ങളില്ലാതെയാണ് പുതിയ ബില്ല് അവതരിപ്പിക്കുന്നത്.
സംയുക്ത പാർലമെന്ററി സമിതി നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബിൽ ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവാണ് നാളെ ലോക്‌സഭയിൽ അവതരിപ്പിക്കുക. ബില്ലിനെ ശക്തമായി എതിർക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വൈകിട്ട് ചേർന്ന ഇന്ത്യ മുന്നണി പാർലമെന്ററി പാർട്ടി നേതാക്കളുടെ യോഗത്തിലാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. യു.ഡി.എഫ് എം.പിമാരും പ്രത്യേകം യോഗം ചേർന്ന് ബില്ലിനെ എതിർക്കാൻ തീരുമാനിച്ചു. അതേസമയം കെ.സി.ബി.സി ബില്ലിനെ പിന്തുണച്ച സാഹചര്യത്തിൽ കേരള കോൺഗ്രസ് അംഗങ്ങൾക്ക് ആശയക്കുഴപ്പമുണ്ട്.
മുനമ്പം പ്രശ്നം പരിഹരിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണ് വഖഫ് ഭേദഗതി ബില്ല് എന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. എൻ.ഡി.എ പക്ഷത്ത് ടി.ഡി.പിയും ജെ.ഡി.യുവും ബില്ലിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. നേരത്തെ അവതരിപ്പിച്ച ബില്ലിൽ ചെറിയ മാറ്റങ്ങൾ മാത്രമാണ് ഉള്ളത്. തർക്കപരിഹാരത്തിന് കലക്ടറെ ചുമതലപ്പെടുത്തുന്ന വ്യവസ്ഥ മാറ്റി സർക്കാർ ഉദ്യോഗസ്ഥർ എന്നാക്കിയിട്ടുണ്ട്. വഖഫ് ബോർഡിൽ മുസ്ലിം ഇതര അംഗങ്ങൾ വേണമെന്നതടക്കം വിവാദ വ്യവസ്ഥകളിൽ മാറ്റമില്ല.
അതിനിടെ ഹൈബി ഈഡൻ എംപിയുടെ വീടിനു മുന്നിൽ പ്രതിഷേധ പോസ്റ്ററുകൾ. മുനമ്പം സംരക്ഷണ സമിതിയുടെതാണ് പോസ്റ്ററുകൾ. വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിൽ പാസാക്കാൻ പ്രതിപക്ഷ എംപിമാർ അനുവദിച്ചില്ലെങ്കിൽ കടലിൽ ഇറങ്ങി സമരം ചെയ്യുമെന്നാണ് പ്രഖ്യാപനം. മുനമ്പം ജനതയെ വഞ്ചിച്ച് വഖഫിനൊപ്പം നിന്ന കോൺഗ്രസ് എംപിമാർക്കെതിരെ ക്രൈസ്തവ സമൂഹം വിധി എഴുതും എന്നും പോസ്റ്ററുകളിൽ പറയുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് ഹൈബി ഈഡൻ എംപിയുടെ വീടിനു മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.