മലപ്പുറം തുവ്വൂരില്‍ യുവതിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ്. കൊല്ലപ്പെട്ടത് സുജിത തന്നെയെന്നും പൊലീസ് സ്ഥിരീകരിച്ചു. സുജിതയെ ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയെന്നും മൃതദേഹം രാത്രി വരെ കട്ടിലിനടയില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ മാലിന്യക്കുഴിയില്‍ മറവ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ദൃശ്യം സിനിമയുടെ മോഡലില്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. മൃതദേഹം മറവ് ചെയ്ത കുഴിക്ക് മുകളില്‍ ശുചിമുറി നിര്‍മിക്കാന്‍ പദ്ധതിയിട്ടുവെന്നും അതിനായി നിര്‍മാണ സാമഗ്രികള്‍ ഇറക്കിയെന്നും പൊലീസ് കണ്ടെത്തി. സുജിതയുടെ ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണം പ്രതികള്‍ വീതം വച്ചുവെന്നും എസ്പി വെളിപ്പെടുത്തി. അതേസമയം സുജിത എന്തിനാണ് പ്രതിയുടെ വീട്ടിലെത്തിയതെന്നും എങ്ങനെ വന്നുവെന്നും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം 11നാണ് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്‍റെ ഭാര്യ സുജിതയെ കാണാതായത്. അന്വേഷണത്തിന്‍റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലെ താല്‍കാലിക ജീവനക്കാരന്‍ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ വീടിന് പിന്‍ഭാഗത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ സംശയം.
Drishyam model murder; Malappuram SP on thuvvur Sujatha murder