pm-modi-chandrayaan3-01

ചാന്ദ്രയാന്‍ മൂന്നിന്റെ വിജയം അവിസ്മരണീയവും അഭൂതപൂര്‍വവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ നേട്ടം ചന്ദ്രനെയും കടന്ന് കുതിക്കാന്‍ ഇന്ത്യയ്ക്ക് ഊര്‍ജം നല്‍കും. ചന്ദ്രന്‍ വളരെ അകലെയാണെന്ന് പറഞ്ഞിരുന്ന കാലത്തുനിന്ന് ചന്ദ്രന്‍ ടൂര്‍ പോകാന്‍ കഴിയുന്ന ഇടമാണെന്ന് കുട്ടികള്‍ പറയുന്ന കാലം വരും. ചന്ദ്രയാന്റെ വിജയം മാനവരാശിക്ക് മുഴുവന്‍ അവകാശപ്പെട്ടതാണ്. സൗരദൗത്യവും മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യവുമടക്കം ഒട്ടേറെ വലിയ ലക്ഷ്യങ്ങള്‍ ഇന്ത്യ നിറവേറ്റുമെന്നും മോദി പ്രഖ്യാപിച്ചു. പ്രസംഗത്തിന്റെ പൂര്‍ണരൂപം...

 

 

 

സുഹൃത്തുക്കളെ, സ്വന്തം കണ്‍മുന്നില്‍ ചരിത്രം രചിക്കുന്നത് കണ്‍മുന്നില്‍ കാണുമ്പോള്‍ നമ്മുടെ ജീവിതം ധന്യമായിത്തീരുന്നു. ഇതുപോലുള്ള ചരിത്രസംഭവങ്ങള്‍ രാഷ്ട്രം ഉള്ള കാലത്തോളം അഭിമാനത്തോടെ ഓര്‍മിക്കപ്പെടും. ഈ നിമിഷം അവിസ്മരണീയമാണ്. അഭൂതപൂര്‍വമാണ്. വികസിത ഭാരതത്തിന്റെ ശംഖനാദമാണിത്. പുതിയ ഭാരതത്തിന്റെ ജയഘോഷമാണ്. പ്രതിബന്ധങ്ങളുടെ മഹാസാഗരം മറികടന്ന നിമിഷമാണിത്. നമ്മള്‍ വിജയത്തിന്റെ ചാന്ദ്രപാതയില്‍ സഞ്ചരിക്കുന്ന നിമിഷമാണിത്. 140 കോടി ഹൃദയങ്ങളുടെ സാമര്‍ഥ്യം തിരിച്ചറിയുന്ന സമയമാണിത്. രാജ്യത്തിന് പുതിയ ഊര്‍ജവും വിശ്വാസവും പുതിയ ഓജസും നല്‍കുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അമൃതകാലത്തിന്റെ ആദ്യകിരണം പതിച്ചപ്പോള്‍ത്തന്നെ ഫലപ്രാപ്തിയുടെ അമൃതവര്‍ഷം ഉണ്ടായിരിക്കുന്നു. നമ്മള്‍ ഭൂമിയില്‍ ദൃഢനിശ്ചയമെടുത്തു, ചന്ദ്രനില്‍ അത് സാക്ഷാത്കരിച്ചു. നമ്മുടെ ശാസ്ത്രജ്ഞര്‍ പറഞ്ഞു, ഇന്ത്യ ചന്ദ്രനിലെത്തിയിരിക്കുന്നു. ഇന്ന് നമ്മള്‍ പുതിയ ഭാരതത്തിന്റെ ഉയരങ്ങളിലേക്കുള്ള പുതിയ കുതിപ്പിന് സാക്ഷിയായിരിക്കുന്നു. 

 

സുഹൃത്തുക്കളെ, ഞാന്‍ ഇപ്പോള്‍ ബ്രിക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലാണ്. പക്ഷേ ഓരോ ഇന്ത്യക്കാരനെയും പോലെ എന്റെ മനസ് ചന്ദ്രയാന്‍ ദൗത്യത്തിലായിരുന്നു. പുതിയ ചരിത്രം സൃഷ്ടിക്കപ്പെട്ടതോടെ രാജ്യം മുഴുവന്‍, ഓരോ ഭാരതീയനും ആഹ്ലാദത്തില്‍ മുങ്ങിയിരിക്കുകയാണ്. ഓരോ വീട്ടിലും ഉല്‍സവമാണ്. ഹൃദയപൂര്‍വം ഞാനും രാജ്യത്തെ ഓരോ പൗരന്മാര്‍ക്കുമൊപ്പം ഈ ആഹ്ലാദത്തില്‍ പങ്കുചേരുന്നു. ടീം ചന്ദ്രയാനും ഇസ്രോയ്ക്കും രാജ്യത്തെ മുഴുവന്‍ ശാസ്ത്രജ്ഞര്‍ക്കും അങ്ങേയറ്റം അഭിനന്ദനങ്ങള്‍ നേരുന്നു. ഈ നിമിഷത്തിനുവേണ്ടി അവര്‍ വര്‍ഷങ്ങളോളം പരിശ്രമിച്ചു. അങ്ങേയറ്റം ആവേശത്തോടെ ഈ നിമിഷത്തിനുവേണ്ടി കാത്തിരുന്ന 140 കോടി ഇന്ത്യക്കാര്‍ക്കും കോടി കോടി അഭിനന്ദനങ്ങള്‍! 

 

നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമവും കഴിവും കൊണ്ട് ഇന്ത്യ ഇന്നോളം ലോകത്തെ ഒരു രാഷ്്ട്രവും കാലുകുത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ എത്തി. ഇനിയങ്ങോട്ട് ചന്ദ്രനുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍ മാറും. കഥകള്‍ക്കും മാറ്റം വരും. പുതിയ തലമുറയ്ക്കായി പുതിയ കഥകള്‍ ഉടലെടുക്കുകയും ചെയ്യും. ഇന്ത്യയില്‍ നമ്മള്‍ എല്ലാവരും ഭൂമിയെ അമ്മ എന്നാണ് വിളിക്കുന്നത്. ചന്ദ്രനെ ചന്ദ്രമാമാ എന്നുവിളിക്കും. ചന്ദാമാമാ വളരെ ദൂരത്താണെന്ന് പണ്ട് പറയുമായിരുന്നു. ഒരുദിവസം വരും, ചന്ദാമാമാ ടൂര്‍ പോകാവുന്ന സ്ഥലമാണെന്ന് കുട്ടികള്‍ പറയുന്ന കാലം. 

 

ഈ സന്തോഷകരമായ നിമിഷത്തില്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളോടും പറയാനാഗ്രഹിക്കുന്നു, ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ വിജയം ഇന്ത്യയുടേത് മാത്രമല്ല. ഇന്ത്യ ജി 20 നേതൃത്വത്തിലെത്തിയ വര്‍ഷമാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന നമ്മുടെ ചിന്ത ലോകം മുഴുവന്‍ പ്രതിഫലിക്കുന്ന സമയമാണിത്. ഈ മനുഷ്യകേന്ദ്രീകൃതമായ സമീപനം ആഗോളതലത്തില്‍ത്തന്നെ സ്വാഗതം ചെയ്യപ്പെട്ടതാണ്. ഈ തത്വത്തില്‍ ഊന്നിയാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യവും പൂര്‍ത്തിയാക്കിയത്. അതുകൊണ്ടുതന്നെ ഈ വിജയം മാനവരാശിക്ക് മുഴുവന്‍ അവകാശപ്പെട്ടതാണ്. ഈ വിജയം മറ്റ് രാഷ്ട്രങ്ങളുടെ ചാന്ദ്രദൗത്യങ്ങള്‍ക്കും സഹായകമാകും. 

 

ലോകത്തെ എല്ലാ രാഷ്ട്രങ്ങളും, പ്രത്യേകിച്ച് ദക്ഷിണധ്രുവത്തിലെ രാഷ്ട്രങ്ങള്‍ക്കെല്ലാം ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും സ്വപ്നങ്ങള്‍ കാണാന്‍ നമുക്ക് കഴിയും. ചന്ദ്രയാന്‍ മഹാദൗത്യത്തിന്റെ വിജയം ഇന്ത്യയുടെ കുതിപ്പിനെ ചന്ദ്രനും അപ്പുറത്തേക്ക് കൊണ്ടുപോകും. സൗരയൂഥത്തിന്റെ അതിര്‍ത്തികള്‍ കടന്ന് മാനവരാശിക്കുവേണ്ടി ഒട്ടേറെ മഹത്തായ സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യ പ്രയത്നിക്കും. 

 

ഭാവിയിലേക്ക് വലിയ പല ലക്ഷ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. സൂര്യനെക്കുറിച്ച് പഠിക്കാന്‍ വൈകാതെ ആദിത്യ എല്‍ വണ്‍ ദൗത്യം വിക്ഷേപിക്കും. ഇതിനുശേഷം ചൊവ്വയും ഇസ്രോയുടെ ലക്ഷ്യങ്ങളിലുണ്ട്. മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കുന്ന ഇന്ത്യയുടെ ആദ്യപദ്ധതിയായ ഗഗന്‍യാനുവേണ്ടിയുള്ള തയാറെടുപ്പ് പൂര്‍ണതോതിലായിക്കഴിഞ്ഞു. ആകാശം അതിരല്ലെന്ന് നമ്മള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ശാസ്ത്രസാങ്കേതികവിദ്യ ഇന്ത്യയുടെ ഉജ്വലമായ ഭാവിയുടെ അടിത്തറയാണ്. അതുകൊണ്ടുതന്നെ ഈ നിമിഷത്തെ രാജ്യം എന്നെന്നും ഓര്‍ത്തിരിക്കും. ഉജ്വലമായൊരു ഭാവിയിലേക്ക് മുന്നേറാന്‍ ഈ നേട്ടം ഇന്ത്യയ്ക്ക് പ്രേരകമാകും. ഈ ദിവസം നമ്മളെ നമ്മുടെ സ്വപ്നങ്ങളിലേക്കുള്ള വഴികാട്ടും. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് എങ്ങനെ വിജയം നേടാന്‍ കഴിയും എന്നതിന് തെളിവാണ് ഈ നേട്ടം. രാജ്യത്തെ എല്ലാ ശാസ്ത്രജ്ഞര്‍ക്കും ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍! ഭാവി ദൗത്യങ്ങള്‍ക്ക് ആശംസകളും നേരുന്നു. 

 

 

'India is now on the moon': PM Modi hails Chandrayaan 3's landing on lunar surface