g20evictionnww-11
  • 30ലേറെ ചേരികൾ തകർത്തു
  • ഒഴിപ്പിക്കപ്പെട്ട സ്ഥലങ്ങള്‍ നടപ്പാതകളും പാര്‍ക്കുകളുമാക്കി
  • ചേരികള്‍ക്ക് മുന്നിലെ മതിലുകള്‍ പൊളിക്കുന്നതിലും തീരുമാനമായില്ല
  • മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മിച്ചെന്ന് സര്‍ക്കാര്‍

ജി 20 ഉച്ചകോടി രാജ്യത്തിന് അഭിമാനമെന്ന ടാഗ് ലൈനോടെ അവസാനിച്ചപ്പോൾ അതിനായി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം എന്ന് എന്ന ചോദ്യം ബാക്കിയാകുന്നു. അഞ്ച് ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കുടിയിറക്കപ്പെട്ടത്. ഡൽഹിയിൽ മാത്രം 30ലേറെ ചേരികൾ തകർത്തു. വിദേശ രാഷ്ട്രത്തലവൻമാർ കാണാതിരിക്കാൻ ചേരികൾക്ക് മുന്നിൽ കെട്ടി ഉയർത്തിയ മതിലുകൾ പൊളിക്കണമെന്ന ആവശ്യവും ശക്തമാണ്.

 

ഒരായുസിന്റെ അധ്വാനം തകർത്ത് കളയുമ്പോള്‍ നെഞ്ച് പൊട്ടിക്കരഞ്ഞ മെഹ്റോളി നിവാസികൾ, അർധരാത്രിയിൽ എത്തി പൊലീസ് ചേരി ഒഴിപ്പിക്കുന്നത് നിസഹായതോടെ നോക്കി നിന്ന യമുന, പുസ്ത നിവാസികൾ, പുലർച്ചെ ആവശ്യമുള്ളതെടുക്കും മുന്‍പ് ജെസിബി കൈകൾ എല്ലാം വലിച്ചുകൊണ്ട് പോകുന്നത് കണ്ട പ്രഗതി മൈതാനിലെ ചേരി നിവാസികൾ.... ഇങ്ങനെ ചെറുതും വലുതുമായ നിരവധി ഒഴിപ്പിക്കലുകൾക്കാണ് ഡൽഹി കഴിഞ്ഞ എട്ടുമാസക്കാലം സാക്ഷിയായയത്.

 

ഭവനരഹിതരായവർ നിലവിൽ സമീപത്തെ മരങ്ങൾക്കടിയിലും ഡൽഹിയുടെ അതിർത്തികളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ശൈത്യകാലത്തെ ഭയത്തോടെ ഓർക്കുകയാണിവർ. ഒഴിപ്പിക്കപ്പെട്ട ഇടങ്ങൾ ഏറെയും പാർക്കുകളും നടപ്പാതകളും പാക്കിങ് ഏരിയയുമൊക്കെയാക്കി. പിഡബ്ല്യുഡി, പുരാവസ്തു വകുപ്പ് ഹരിത ട്രൈബ്യൂണൽ തുടങ്ങിയവയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. അനധികൃത നിർമ്മാണങ്ങളാണ് പൊളിച്ചതെന്നും മൂന്ന് ഷെൽട്ടർ ഹോമുകൾ നിർമ്മിച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. അപ്പോഴും വിദേശ പ്രതിനിധികൾ കാണാതിരിക്കാൻ ചേരികൾക്ക് മുന്നിൽ കെട്ടി ഉയർത്തിയ മതിലുകൾ എന്ന് പൊളിക്കുമെന്നതിൽ മറുപടിയില്ല. ജി 20 കഴിഞ്ഞ് വിദേശ നേതാക്കൾ മടങ്ങിയതിനാൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് സർക്കാർ ഉടന്‍ പരിഹാരം കാണണമെന്നാണ് ഇവരുടെ  ആവശ്യം.

 

Delhi's G20 makeover displaces 5 lakh people, no decision in their rehabilitation