തമിഴ്നാട്ടിലെ കോതയാർ വനത്തിൽ നിന്ന് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ കാടുകയറി. മൂന്നു ദിവസം മാഞ്ചോലയിലെ തേയില തോട്ടത്തിലായിരുന്ന അരിക്കൊമ്പൻ വാഴകൃഷിയും വീടും ഭാഗീകമായി തകർത്തെങ്കിലും പ്രദേശത്തെ റേഷൻ കട ആക്രമിച്ചില്ല. ആന മദപ്പാടിലാണെന്നും കേരളത്തിലേക്ക് എത്തില്ലെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. മൂന്നുദിവസം മാഞ്ചോല മേഖലയിൽ അല്‍പം ഭീതിപരത്തിയ ശേഷമാണ് അരിക്കൊമ്പൻ വീണ്ടും പഴയ ആവാസകേന്ദ്രമായ കോതയാറിലേക്ക് നീങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറിൽ നിന്ന് ഏകദേശം അറുപതു കിലോമീറ്റർ അകലെയാണ് കോതയാർ. രാത്രിയും പകലുമായി വനപാലകസംഘം ഏറെ പണിപ്പെട്ടാണ് അരിക്കൊമ്പനെ കാടുകയറ്റിയത്. മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ കോതയാറിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ സഞ്ചരിച്ചാണ് കഴിഞ്ഞദിവസം അരിക്കൊമ്പൻ മാഞ്ചോലയിലെത്തിയത്.
മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റ്, ബോംബെ ബർമ തേയില ഫാക്ടറി ഇതിനോട് ചേർന്ന് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഉള്ള ഭാഗത്ത് എത്തിയ ആന വാഴത്തോട്ടവും, ഒരു വീടും ഭാഗികമായി നശിപ്പിച്ചിരുന്നു. എന്നാൽ സമീപം റേഷൻ കട ഉണ്ടായിട്ടും ആക്രമിച്ചില്ല. ആനയെ ഡോക്ടർമാർ ഉൾപ്പെടെ 45 അംഗ വനപാലക സംഘം നിരീക്ഷിക്കുന്നതായി കളയ്ക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. റേഡിയോ കോളറിൽ നിന്നുളള സിഗ്നൽ പ്രകാരം ഒരു ദിവസം ശരാശരി പത്തു കിലോമീറ്റർ അരിക്കൊമ്പൻ സഞ്ചരിക്കുന്നു.
തൊഴിലാളികൾക്ക് ഉൾപ്പെടെ ആശങ്കയുണ്ടെന്ന് മാഞ്ചോലയിൽ ഉള്ളവർ പറഞ്ഞു. കോതയാറിലെ ഭൂപ്രകൃതി മൂന്നാറിന് സമമായതിനാൽ ആവാസ വ്യവസ്ഥയോട് ആന പൊരുത്തപ്പെട്ടതാണ്. കഴിഞ്ഞ ജൂണിലാണ് അരിക്കൊമ്പനെ കേരളത്തിൽ നിന്ന് അപ്പർ കോതയാറിൽ എത്തിച്ചത്. ദീർഘസഞ്ചാരം നടത്താനുള്ള സാധ്യത നിലനിൽക്കെ വനപാലകസംഘം ആനയെ നിരീക്ഷിക്കുന്നു.
Arikomban will not reach to Kerala