ഖലിസ്ഥാന്‍ നേതാക്കള്‍ക്കെതിരായ എന്‍ഐഎ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്. 2019 മുതല്‍ 2021 വരെയുള്ള 13 സംഭവങ്ങള്‍ പരിശോധിച്ചാണ് എന്‍ഐഎ കുറ്റപത്രം തയ്യാറാക്കിയത്. ഇതനുസരിച്ച് ഭീകരര്‍ ആഡംബരനൗക, സിനിമ, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവടങ്ങളിലും തായ്‌ലന്‍ഡിലെ ക്ലബുകളിലും ബാറുകളിലും നിക്ഷേപം നടത്തിയെന്നാണ് കണ്ടെത്തല്‍. അഞ്ച് ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപ വരെ ലോറന്‍സ് ബിഷ്ണോയ് ഹവാല മാര്‍ഗം കൈപ്പറ്റിയെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
ഇന്ത്യ, കാനഡ, തായ്ലന്ഡ് എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തനം നടത്തുന്നത്. ഗോള്‍ഡി ബ്രാറിനെതിരെയും കുറ്റപത്രത്തില്‍ കടുത്ത ആരോപണങ്ങളുണ്ട്. ബ്രാറിന്റെ ഗുണ്ടാസംഘം ചില ഖലിസ്ഥാന്‍ ഭീകരരുമായി ചേര്‍ന്ന് പലയിടങ്ങളിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കുറ്റപത്രം വിശദമാക്കുന്നു.
അതേസമയം, ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ കാനഡയോട് പങ്കുവച്ചതായി സ്ഥിരീകരിച്ച് കാനഡയിലെ യുഎസ് അംബാസഡർ. ഫൈവ് ഐസ് സഖ്യരാജ്യങ്ങളിലെ സംഘമാണ് രഹസ്യാന്വേഷണ വിവരം കൈമാറിയത്. ഇതിന് പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും അംബാസഡർ ഡേവിഡ് കോഹൻ ഒരു കനേഡിയൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയും കാനഡയും തമ്മിൽ നിരന്തരം ആശയവിനിമയം നടക്കുന്നു. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയാണ് ഫൈവ് ഐസ് സഖ്യത്തിലെ അംഗരാജ്യങ്ങൾ.
നിജ്ജറുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ ഇന്ത്യയ്ക്കെതിരെ കണ്ടെത്തിയ വിശ്വസനീയമായ വിവരങ്ങള്‍ ഇന്ത്യയ്ക്ക് ആഴ്ചകള്‍ക്ക് മുമ്പേ കൈമാറിയതായി കാനഡ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. കേസില്‍ വസ്തുത കണ്ടെത്താന്‍ ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ പറഞ്ഞു. കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ട്രൂഡോയുടെ ആരോപണം കടുത്ത ആശങ്കയോടെയാണ് കാണുന്നതെന്നും അന്വേഷണത്തിന് കാനഡയുമായി സഹകരിക്കേണ്ടത് പ്രധാനമാണെന്നും സത്യം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
NIA chargesheet reveals funding and deposits of Khalistan terrorists
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.