• പൊലീസും ഉദ്യോഗസ്ഥരും ഒത്താശ ചെയ്തെന്ന് കോണ്‍ഗ്രസ്
  • തെളിവായി ദൃശ്യങ്ങള്‍
  • ഡിസിസി ഹൈക്കോടതിയെ സമീപിക്കും
  • ബാങ്ക് ഭരണം യുഡിഎഫിന്

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തവരിൽ എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും. ജില്ലാ സെക്രട്ടറി കെ.എസ്. അമൽ അര മണിക്കൂറിനിടെ അഞ്ചുവട്ടം വോട്ടുചെയ്തു. ഉദ്യോഗസ്ഥരുടേയും പൊലീസിന്റെയും കൺമുന്നിലായിരുന്നു കള്ളവോട്ട്. സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം. 

തിരഞ്ഞെടുപ്പിന്റെ  അവസാന മണിക്കൂറിൽ വൈകിട്ട് നാലിനും നാലരയ്ക്കും ഇടയിലായിരുന്നു 6, 7 ബൂത്തുകളിൽ മാറി മാറി കെ.എസ്. അമലിന്റെ അഞ്ച് കള്ളവോട്ട് . വൈകിട്ട് നാലുമണിക്ക് ഏഴാം നമ്പർ ബൂത്തിൽ ആദ്യവോട്ട്. 4.10 ആറാം ബൂത്തിലെത്തി വീണ്ടും വോട്ട് ചെയ്തു. 4.15 ന് ഇറങ്ങി വീണ്ടും ഏഴാം ബൂത്തിലേക്ക്. ചെറിയ തർക്കത്തിന് ശേഷം ബാലറ്റ് വാങ്ങി വോട്ടുചെയ്തു. ബൂത്തിൽ വോട്ടുചെയ്യുന്ന സ്ത്രീയ്ക്ക് പാനലും കൈമാറി. 4.20 ഉടൻ പുറത്തിറങ്ങി വീണ്ടും ആറാം ബൂത്തിലെത്തി വരിനിന്നു. ബാലറ്റ് വാങ്ങി വോട്ടു ചെയ്തു. വോട്ട് ചെയ്ത ശേഷം ഉടൻ അതേ ബൂത്തിൽ ക്യൂ നിന്ന് അഞ്ചാമതും വോട്ട് ചെയ്തു. 

സിപിഎം പെരിങ്ങനാട് നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഖിലും കള്ളവോട്ട് ചെയ്തുവെന്നും കോൺഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങളിലും അഖിൽ പെരിങ്ങനാട് സജീവമായി പങ്കെടുത്ത് പൊലീസിന്റെ അടിയും വാങ്ങി. കൂടുതൽ കള്ള വോട്ടുകളുടെ ദൃശ്യങ്ങൾ ഉണ്ടെന്ന് കോൺഗ്രസ് പറയുന്നു. പത്തനംതിട്ട നഗരസഭയിലെ 22 വാർഡുകളിലെ താമസക്കാർക്ക് മാത്രമാണ് വോട്ടവകാശം ഉള്ളത്. അടൂർ, തിരുവല്ല, പന്തളം , മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സിപിഎം പ്രവർത്തകരെ എത്തിച്ച് വ്യാപക കള്ളവോട്ട് നടന്നു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തോൽവി ഭയന്നെങ്കിലും 25 വർഷമായി തുടരുന്ന ബാങ്ക് ഭരണം യുഡിഎഫ് നിലനിർത്തി. ആഹ്ലാദപ്രകടനത്തിനിടെ ഡിസിസി സെക്രട്ടറി സുരേഷ് കുമാർ നടത്തിയ പ്രസംഗവും വിവാദമായി. കള്ളവോട്ടും തെമ്മാടിത്തരവും തങ്ങൾക്കും അറിയാമെന്ന് തെളിയിച്ച വോട്ടെടുപ്പ് എന്നായിരുന്നു പരാമർശം. ഒക്ടോബർ 14ന് പത്തനംതിട്ടയിൽ നടക്കുന്ന കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ കർശനമായ ഹൈക്കോടതി നിരീക്ഷണം വേണമെന്ന് ആകും കോൺഗ്രസ് കോടതിയിൽ ആവശ്യപ്പെടുക.

 

Bogus voting allegation against SFI leader in Pathanmthitta cooperative bank election

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.