തമിഴ്നാട് തിരുവള്ളൂരിൽ ഗുണ്ടാ നേതാക്കളെ പൊലിസ് ഏറ്റുമുട്ടലിൽ വധിച്ചു. നിരവധി കേസുകൾ പ്രതികളായ സതീഷ് , മുത്തുശ്ശരവണൻ എന്നിവരെ പിടികൂടാനുള്ള ശ്രമത്തിനിടയാണ് കൊല്ലപ്പെട്ടത്. അണ്ണാ.ഡിഎംകെ നേതാവ് പാർത്ഥിപൻ കൊലക്കേസിൽ ഡൽഹിയിൽ നിന്നും അറസ്റ്റിലായ ഇരുവരും പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
തിരുവള്ളൂർ ജില്ലയിലെ സോലവാരത്ത് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മരമ്പേട് എന്ന പ്രദേശത്തെ ഒഴിഞ്ഞ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ തേടിയാണ് പൊലീസ് എത്തിയത്. പ്രദേശവാസികളായ സതീഷ് , മുത്തുശരവണൻ എന്നീ ഗുണ്ടാ നേതാക്കളാണ് കൊല്ലപ്പെട്ടത്. അണ്ണ.ഡിഎംകെ നേതാവ് പാർത്ഥിപൻ കൊലക്കേസിൽ പ്രതികളായ ഇരുവരും കാലങ്ങളായി ഒളുവിലായിരുന്നു. അടുത്തിടെ ഡൽഹിയിൽ നിന്നും ഇവരെ തമിഴ്നാട് പൊലീസ് പിടികൂടി. എന്നാൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ഇരുവരും രക്ഷപ്പെടുകയായിരുന്നു. പ്രത്യേക സംഘത്തെ രൂപികരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് സോലവാരത്ത് ഒഴിഞ്ഞ വീട്ടിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്.
വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥർക്ക് നേരെ ഇവർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഗുണ്ടാ നേതാക്കൾ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. സതീഷിന് തലയിലും, മുത്തു ശരവണന് ഹൃദയഭാഗത്തുമാണ് വെടിയേറ്റത്. സംഭവസ്ഥലത്ത് വെച്ച് മരിച്ച ഇവരുടെ ശരീരം സ്റ്റാൻലി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഡിഎംകെ പ്രവർത്തകൻ സെൽവൻ കൊലക്കേസടക്കം പത്ത് കേസുകൾ സതീഷിന്റെ പേരിലുണ്ട്. മുത്ത് ശരവണന്റെ പേരിൽ ഏഴ് കേസുകളും. ആവഡി പൊലീസ് കമ്മീഷണർ, മജിസ്ട്രേറ്റ് അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കുണ്ട്.
Police shot dead 2 gang leaders
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ