kalamamsseryblastdgpsot-29
  • 'ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചിട്ടില്ല'
  • 'ബോംബ് ടിഫിന്‍ ബോക്സില്‍ ഘടിപ്പിച്ചിരിക്കാം'
  • അന്വേഷണം ഊര്‍ജിതം, സംസ്ഥാനത്ത് കനത്ത ജാഗ്രത
  • വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന

എറണാകുളം കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്നത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് ഡിജിപി  ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ഐഇഡി മാതൃകയിലുള്ള വീര്യം കുറഞ്ഞ ബോംബാണ് ഉപയോഗിച്ചതെന്നും ടിഫിന്‍ ബോക്സില്‍ ഘടിപ്പിച്ചിരിക്കാമെന്നുമാണ് പ്രാഥമിക നിഗമനമെന്നും ഡിജിപി വ്യക്തമാക്കി. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തിലാണ് സ്ത്രീ മരിച്ചതെന്നും 36 പേര്‍ക്ക് പരുക്കേറ്റുവെന്നും അദ്ദേഹം  വ്യക്തമാക്കി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും വിദ്വേഷജനകമായ പോസ്റ്റുകളോ, വാര്‍ത്തകളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി. കമ്മിഷണറും വിവിധ അന്വേഷണ ഏജന്‍സികളുമുള്‍പ്പടെ സംഭവ സ്ഥലത്തുണ്ടെന്നും താന്‍ വൈകുന്നേരം സ്ഥലത്തെത്തുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണമെന്ന് നിലവില്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നും അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫോടനത്തില്‍ ഭീകരാക്രമണം സംശയിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. തന്ത്രപ്രധാന സ്ഥലങ്ങളിലും ആളുകള്‍ കൂടുന്ന ഇടങ്ങളിലും  സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ഗുരുവായൂര്‍ അമ്പലത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ടെക്നോപാര്‍ക്കിലും ഉന്നത പൊലീസ് സംഘം പരിശോധന നടത്തുകയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കും സുരക്ഷ വര്‍ധിപ്പിക്കും.

സമ്ര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ രാവിലെ ഒന്‍പത് നാല്‍പതോടെയാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരില്‍ നാലുപേര്‍ക്ക് നാലുശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നും ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ജില്ലാ കലക്ടര്‍  അറിയിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ 16 പേരും വിവിധ സ്വകാര്യ ആശുപത്രികളിലായി 20 പേരും  ചികില്‍സയിലുണ്ട്. കളമശേരി മെഡിക്കല്‍ കോളജിലുള്ളവരില്‍ ആറുപേ‍ര്‍ ഐസിയുവിലാണ്. സ്ഫോടനത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി പൊലീസ് മേധാവി അറിയിച്ചു. സ്ഫോടനം  പരിശോധിക്കാന്‍ എന്‍ഐഎയുടെ കൊച്ചി യൂണിറ്റിന് നിര്‍ദേശം നല്‍കി. 

ഒരേസമയം ഒന്നിലധികം സ്ഥലത്ത് സ്ഫോടനമുണ്ടായെന്ന് രക്ഷപെട്ടവര്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തി.എല്ലാവരും കണ്ണടച്ച് പ്രാര്‍ഥിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായതെന്നും ബോംബ് സ്ഫോടനമാണെന്ന് കരുതുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. ഹാളിന്‍റെ മുകള്‍ഭാഗം വരെ വലിയരീതിയില്‍ തീയും പുകയും ഉയര്‍ന്നുവെന്നും ആളുകള്‍ ചിതറിയോടിയെന്നും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നു. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ ഇന്നലെ തിരിച്ചറിയല്‍ രേഖകളില്ലാതെ ഒരാള്‍ എത്തിയിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പറയുന്നു. 

 

IED Blast in Kalamassery, confirms DGP

 

വാര്‍ത്തകളുംവിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.