പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെയും രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ജീവനക്കാരുടെയും ഫോണ്‍ ചോര്‍ത്താന്‍ ശ്രമമെന്ന് ആരോപണം. മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോണ്‍ ചോര്‍ത്തല്‍ ശ്രമം സംബന്ധിച്ച സന്ദേശം ആപ്പിളില്‍ നിന്ന് ലഭിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി , ശശി തരൂര്‍, കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മൊഹുവ മൊയ്ത്ര തുടങ്ങിയവരുള്‍പ്പെടെ പത്തുപേര്‍ക്കാണ് സന്ദേശം വന്നത്. താങ്കളുടെ ഐ ഫോണിനെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരിക്കുന്നു എന്ന സന്ദേശമാണ് നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചത്. നിങ്ങളുടെ തൊഴിലോ വ്യക്തിത്വമോ ആവാം ലക്ഷ്യമിടാന്‍ കാരണം. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ക്ക് ചോര്‍ത്തുന്നതിന് പുറമേ ഫോണിലെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനാവും എന്ന മുന്നറിയിപ്പുമുണ്ട്.
രാത്രി 11.45ഓടെയാണ് നേതാക്കള്‍ക്ക് സന്ദേശമെത്തിയത്. പവന്‍ഖേര, രാഘവ് ചദ്ദ, പ്രിയങ്ക ചതുര്‍വേദി, അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം ആപ്പിള്‍ സന്ദേശം വന്നതായി സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. സിദ്ദാര്‍ഥ് വരദരാജന്‍, ശ്രീറാം കാരി, തുടങ്ങിയ മാധ്യമപ്രവര്‍ത്തകരും ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് സമീര്‍ സരണും സന്ദേശം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. പണിയില്ലാതിരുന്ന മോദി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്ക് ഒരു ജോലി കിട്ടിയതില്‍ സന്തോഷമെന്ന് ശശി തരൂര്‍ പരിഹസിച്ചു. പെഗസസ് ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് സര്‍ക്കാര്‍ ചാരവൃത്തി നടത്തുന്നു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് നേതാക്കള്‍ക്ക് സന്ദേശമെത്തിയത്.
Oppostion MPs accuses government of phone tapping
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.