സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിലച്ച് ആദിവാസി ക്ഷേമപദ്ധതികളും. സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം പലയിടത്തും നിലച്ചു. എറണാകുളം ജില്ലയിലെ ഏറ്റവുമധികം ആദിവാസി സെറ്റില്‍മെന്റുകള്‍ ഉള്‍പ്പെടുന്ന കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടികള്‍ക്കുള്ള പോഷകാഹാര വിതരണമടക്കം മുടങ്ങുന്ന അവസ്ഥയിലാണ്.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പന്തപ്ര ആദിവാസി സെറ്റില്‍മെന്റിലെ ഈ അംഗന്‍വാടിയിലുള്ളത് ഇരുപതോളം കുരുന്നുകള്‍. ഇവിടുന്ന് തന്നെയാണ് ഈ കുഞ്ഞുങ്ങള്‍ മൂന്ന് നേരവും വയറ് നിറയെ ആഹാരം കഴിയ്ക്കുന്നത്. ഇവരെ പട്ടിണിക്കിടാതിരിക്കാനുള്ള ശ്രമത്തില്‍ കൂടിയാണ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളിപ്പോള്‍. അംഗന്‍വാടിയിലേക്കും ട്രൈബല്‍ സ്കൂളുകളിലേക്കും ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്ന് ലക്ഷത്തിലധികമാണ് നിലവിലെ കുടിശിക. ഇതോടൊപ്പം സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, ലാപ്്ടോപ് വിതരണമടക്കം നിലച്ചു.
എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുള്ള വീട് പുനരുദ്ധാരണത്തിനുള്ള തുകയും പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്. ജൂലൈയില്‍ ലഭിക്കേണ്ട രണ്ടാം ഗഡു ലഭിച്ചത് രണ്ട് ദിവസം മുന്‍പാണ്. പക്ഷേ അത് വിനിയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ക്ഷേമ പദ്ധതികള്‍ക്കൊപ്പം റോഡ് പാലം പോലുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികളും ആദിവാസി മേഖലകളില്‍ നിലച്ചു. ലക്ഷങ്ങളുടെ കുടിശികയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. ഇക്കാരണത്താല്‍ തന്നെ പുതിയ ടെന്‍ഡര് ഏറ്റെടുക്കാന്‍ ആരും തയാറാകുന്നുമില്ല.
In Kuttampuzha, nutrition distribution in Anganwadis suffered a setback