ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന അസഫാക് ആലമിന് തൂക്കുകയര്‍. വധശിക്ഷയ്ക്ക് പുറമെ 5 ജീവപര്യന്തവും വിധിച്ചു. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിശു ദിനത്തില്‍ മാതൃകാപരമായ ശിക്ഷ വിധിച്ചത്. ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനം, കുട്ടിയെ ബലാല്‍സംഗം ചെയ്യല്‍, പലതവണയുള്ള ബലാല്‍സംഗം, പീഡനത്തിടെ ലൈംഗികാവയങ്ങള്‍ക്ക് പരുക്കേല്‍പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ജീവപര്യന്തം. പോക്സോ കോടതി ജഡ്ജി കെ.സോമനമാണ് ശിക്ഷ വിധിച്ചത്. അതിക്രൂരമായ കൊലപാതകം പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്ന് വിലയിരുത്തിയാണ് വിധി. ക്രൂരകൃത്യം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനും പരമാവധി ശിക്ഷ നല്‍കാനും നാട്ടുകാരും മാധ്യമങ്ങളും സഹായിച്ചെന്ന് വിധികേട്ട ശേഷം എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു. ആലുവ മാര്‍ക്കറ്റില്‍ നാട്ടുകാര്‍ മധുരം വിതരണം ചെയ്തു.
ആലുവയിൽ അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതി അസഫാക് ആലത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ആം വകുപ്പു പ്രകാരം കൊലക്കുറ്റത്തിനാണ് വധശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഓരോ ജീവപര്യന്തമാണ് ശിക്ഷ. ഓരോ ലക്ഷം വീതം പിഴയുമുണ്ട്. പോക്സോ നിയമപ്രകാരം ചുമത്തിയ മൂന്ന് കുറ്റങ്ങൾക്കും ജീവിതാവസാനംവരെ കഠിന തടവും ഓരോ ലക്ഷം വീതം പിഴയും ചുമത്തി. തട്ടിക്കൊണ്ടുപോയതിനും , പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വാധീനിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനും പത്തുവർഷം വീതം ശിക്ഷ വിധിച്ചു. മദ്യം നൽകിയതിനും, തെളിവ് നശിപ്പിച്ചതിനുമടക്കമുള്ള വകുപ്പുകളിലും ശിക്ഷ വിധിച്ചു. ആകെയുള്ള ഏഴ് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ തുകയിൽനിന്ന് കുട്ടിയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. വിധിയിൽ തൃപ്തിയുണ്ടെന്നും കൊലപാതകത്തിന് പ്രാമുഖ്യം നൽകിയാണ് വിധിയെന്നും സ്പെഷൽ പ്രോസിക്യൂട്ടർ. അന്വേഷണ സംഘത്തെ സുത്യർഹ സേവനത്തിന് പരിഗണിക്കാൻ ശുപാർശ ചെയ്യുമെന്ന് എ.ഡി.ജി.പി. പ്രതി അസഫാക്ക് സ്വദേശത്ത് കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലായെ റിപോർട്ട് കോടതിയിലെത്തിയെങ്കിലും പരിഗണിച്ചില്ല.
വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍ പ്രതി ചെയ്തതായി നേരത്തേ കോടതി കണ്ടെത്തിയിരുന്നു. ഇവയുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും 13 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളുമാണ് നിര്‍ണായകമായത്.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജിന്റെ നേതൃത്വത്തിലായിരുന്നു പ്രോസിക്യൂഷന്‍ വാദങ്ങള്‍. പ്രോസിക്യൂഷന്‍ 43 സാക്ഷികളെ ഹാജരാക്കി. പ്രതിഭാഗം ഒന്‍പത് തെളിവുകളും രണ്ട് സാക്ഷികളെയും ഹാജരാക്കി. സാക്ഷി മൊഴികള്‍ക്കും മറ്റ് തെളിവുകള്‍ക്കുമൊപ്പം 95 രേഖകളും പത്ത് തൊണ്ടിമുതലുകളും കൂടി പരിശോധിച്ചാണ് കോടതി തീരുമാനത്തിലെത്തിയത്.
കേസിന്‍റെ നാള്‍വഴികള്‍
2023 ജൂലൈ 28
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30
ആലുവ ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി മഞ്ചക് കുമാര്‍ തിവാരിയുടെ മകള്‍ അഞ്ചുവയസുകാരി ചാന്ദ്നിയെ കാണാതാകുന്നു. ഏഴ് മണിയോടെ പൊലീസില്‍ പരാതി നല്‍കി. കുട്ടിയുമായി പോയത് ബിഹാറുകാരന്‍ അസഫാക് ആലമാണെന്ന് സ്ഥിരീകരിക്കുന്നു.
രാത്രി 8.00
കാണാതായെന്ന പരാതിയില്‍ ആലുവ ഈസ്റ്റ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
രാത്രി 10.00
തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നു
കുട്ടിക്കായി റയില്‍വേ സ്റ്റേഷന്‍ ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വ്യാപക തിരച്ചില്‍ . ഇയാള്‍ കുട്ടിയുമായി തൃശൂര്‍ ഭാഗത്തേക്ക് ബസില്‍ കയറിയതായി വിവരം. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് മൊഴി
2023 ജൂലൈ 29
കുട്ടിയുടെ മൃതദേഹം കണ്ടെത്തി
ആലുവ മാര്‍ക്കറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദഹം കണ്ടെത്തി. മുഖത്ത് കല്ല്കൊണ്ട് ഇടിച്ച പാടുകള്‍. ശരീരത്തില്‍ ആകമാനം മുറിവുകള്‍. കഴുത്തില്‍ കറുത്ത ചരട് മുറുക്കിയ നിലയില്‍. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി
2023 ജൂലൈ 30
കുട്ടിയുടെ സംസ്കാരം കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ നടത്തി. പഠിച്ച സ്കൂളില്‍ പൊതുദര്‍ശനം.
പ്രതി അസഫാക് ആലം റിമാന്‍ഡില്‍
ആലുവ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി.
2023 ഓഗസ്റ്റ് 1
പ്രതി കസ്റ്റഡിയില്‍
എറണാകുളം ജില്ലാ പോക്സോ കോടതി പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
പ്രതിയെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു
2023 ഓഗസ്റ്റ് 3
പ്രതി അസഫാക് ആലവുമായി ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി. ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു തെളിവെടുപ്പ്. കുട്ടിയുടെ വസ്ത്രവും ചെരുപ്പും കണ്ടെത്തി.
2023 ഓഗസ്റ്റ് 4
പ്രതി അസഫാക് കസ്റ്റഡിയില്‍ തുടരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ മാര്‍ക്കറ്റിലെത്തിച്ച് പരിശോധന. ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ സംബന്ധിച്ച് വ്യക്തത വരുത്താന്‍ ശ്രമം.
2023 സെപ്റ്റംബര്‍ 1
കുറ്റപത്രം സമര്‍പ്പിച്ചു
2023 ഒക്ടോബര്‍ 4
വിചാരണ ആരംഭിച്ചു
2023 ഒക്ടോബര്‍ 30
വിചാരണ പൂര്‍ത്തിയായി. 26 ദിവസംകൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്
2023 നവംബര്‍ 4
വിധി
പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി
ചുമത്തിയ 16 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റം ചെയ്തതായി കണ്ടെത്തി
2023 നവംബര്‍ 9
ശിക്ഷയുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയായി
2023 നവംബര്‍ 14
അസഫാക് ആലത്തിന് വധശിക്ഷയും 5 ജീവപര്യന്തവും
Aluva Girl murder case verdict update