വ്യാജ ഐ.ഡി കാർഡ് ആരോപണം തള്ളി യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം. ആരോപണം വാട്സ്ആപ് സർവകലാശാലക്കാരുടെ വ്യാജ പ്രചാരണമെന്ന് അധ്യക്ഷൻ ബി.വി ശ്രീനിവാസ് മനോരമ ന്യൂസിനോട്. വ്യാജ കാർഡ് ഉണ്ടാക്കൽ അസാധ്യം. ആരോപണം പരിശോധിക്കേണ്ടത് തിരഞ്ഞെടുപ്പ് ചുമതലയിൽ ഉള്ളവരാണ്. നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചാൽ ദേശീയ നേതൃത്വം പരിശോധിക്കും. വ്യാജ വോട്ടർമാരുണ്ടെങ്കിൽ സൂക്ഷ്മപരിശോധന സമയത്ത് പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്നും 80,000 പേരെ തള്ളിയിരുന്നു എന്നും ബി വി ശ്രീനിവാസ് പ്രതികരിച്ചു.

അതിനിടെ കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. തിരഞ്ഞെടുപ്പ് നടപടിക്കെതിരെ സംഘടനാതലത്തിൽ എഐസിസിക്ക് പരാതി നൽകിയ നേതാക്കളിൽ നിന്നാണ് ആദ്യം വിവരം തേടുക. ഇവരിൽ നിന്ന് തിരഞ്ഞെടുപ് ക്രമക്കേടിന്റെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. 

ഇന്നലെ പരാതിക്കാരനായ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെയും അഖിലേന്ത്യാ പ്രസിഡന്റ്‌ എ.എ റഹീം എം.പിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാൻ ഉപയോഗിച്ച മൊബൈൽ ആപ്പ് കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിലെ സൈബർ വിദഗ്ധർ നടത്തിവരികയാണ്. ഏഴര ലക്ഷം പേർ പങ്കെടുത്ത വോട്ടെടുപ്പിന്റെ മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. തുടർന്ന് അതിൽ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ് വിവരങ്ങൾ ആദ്യം പരിശോധിക്കും. അഞ്ചുദിവസത്തിനുള്ളിൽ കേസിലെ പ്രാഥമിക റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

Youth Congress national leadership rejects allegation of fake IT card