യൂത്ത് കോണ്‍ഗ്രസ് തിര‍ഞ്ഞെടുപ്പിന്‍റെ ഭാഗമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കിയ സംഭവം രാജ്യത്തിന് ചേരാത്ത പ്രവര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് എല്ലാ സംവിധാനവും ഉപയോഗിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നവകേരള സദസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. അതേസമയം, നവകേരള സദസിന്‍റെ വിജയം പ്രതിപക്ഷത്തിന് മനോവിഭ്രാന്തിയുണ്ടാക്കിയെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. 

 

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തമാണ് ഉണ്ടായത്. സദസ് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന്‍റെ തെളിവാണ് പറവൂര്‍ നഗരസഭ പണം അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവകേരള സദസില്‍ ഇതുവരെ 42868 പരാതികള്‍ ഇതുവരെ ലഭിച്ചുവെന്നും അത് പരിഹരിക്കാനുള്ള കൃത്യമായ സംവിധാനം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്‍ വഴി ലഭിച്ച പരാതികളില്‍ അഞ്ച് ലക്ഷത്തിനാല്‍പതിനായിരത്തോളം പരാതികളില്‍ അഞ്ച് ലക്ഷത്തിമുപ്പതിനായിരത്തിലേറെ പരാതികളില്‍ തീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് സര്‍ക്കാരിന്‍റെ തുടര്‍പ്രക്രിയയുടെ ഭാഗമാണെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദസില്‍ പങ്കെടുക്കുന്നതില്‍ നിന്നും എംഎല്‍എമാരെ വിലക്കുന്നത് ജനപ്രതിനിധികളുടെ അവകാശത്തെ ഹനിക്കലാണ്. പ്രതിപക്ഷ നേതാവിന്‍റെ രീതി തന്നെ മാറിപ്പോയി. എന്തൊക്കെയോ വിളിച്ച് പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് പുരോഗമിക്കുകയാണ്. മൂന്ന് വേദികളിലായി മുപ്പത് കൗണ്ടറുകളാണ് ജനങ്ങളുടെ പരാതി സ്വീകരിക്കാനായി തയ്യാറാക്കിയിരിക്കുന്നത്. 

 

'Its against national interest' says CM in youth congress fake id case