സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആരെങ്കിലും ഉപയോഗിച്ചോയെന്ന് അറിയില്ലെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനെ മൂന്നര മണിക്കൂര്‍ ചോദ്യം െചയ്ത് വിട്ടയച്ചു. നാളെ വിളിച്ചാലും വീണ്ടും മൊഴി നല്‍കാന്‍ തയാറാണെന്ന് ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു. അതേസമയം സംസ്ഥാന വ്യാപകമായി വ്യാജകാര്‍ഡുകള്‍ നിര്‍മിച്ചെന്ന് കാണിച്ച് പൊലീസ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 

 

വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ നാല് പേരും രാഹുലിന്റെ വിശ്വസ്തരാണ്. ഇവരുമായുള്ള ബന്ധം കേന്ദ്രീകരിച്ചായിരുന്നു ചോദ്യംചെയ്യല്‍.പ്രതികളുമായുള്ള അടുപ്പം സമ്മതിച്ചെങ്കിലും അവര്‍ വ്യാജകാര്‍ഡ് ഉണ്ടാക്കിയതായി അറിയില്ലെന്നാണ് മൊഴി. തിരഞ്ഞെടുപ്പിലും വ്യാജകാര്‍ഡ് ഉപയോഗിച്ചതായി അറിയില്ല. കാര്‍ഡ് ഉണ്ടാക്കിയെന്ന് പറയുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ കണ്ടിട്ടുപോലുമില്ലെന്നും മൊഴി നല്‍കി. മൊഴികള്‍ വിലയിരുത്തിയ ശേഷമാവും വീണ്ടും ചോദ്യം ചെയ്യണോയെന്ന് പൊലീസ് തീരുമാനിക്കുക. അതേസമയം അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ഒളിവിലുള്ള യൂത്ത്കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമില്ലെന്നും രാഹുല്‍ പറഞ്ഞു.

 

അതേസമയം സംസ്ഥാനത്ത് പല ജില്ലകളിലും വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പത്തനംതിട്ടയില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് നിര്‍മിച്ചതെങ്കില്‍ കാസര്‍കോട് ഉള്‍പ്പടെ മറ്റിടങ്ങളില്‍ വ്യത്യസ്തമായ മൊബൈല്‍ ആപുകള്‍ ഉപയോഗിച്ചാണ്. വ്യാജകാര്‍ഡുകള്‍ യൂത്ത്കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ചെന്നും പ്രതികളെ പിടികൂടാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് പരിഗണിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കുന്ന ശുപാര്‍ശ അനുസരിച്ചാവും തുടര്‍ അന്വേഷണം സര്‍ക്കാര്‍ തീരുമാനിക്കുക.

 

 

Don't know if anyone used fake cards: Rahul Mankootathil