രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയത്തിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് പത്തനംതിട്ടയിൽ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീല ട്രോളി ബാഗ് പാഴ്സലയച്ചു. പാലക്കാട്ടേക്കുള്ള കെഎസ്ആർടിസി ബസ്സിലാണ് ട്രോളി ബാഗ് കയറ്റി അയച്ചത്. ബാഗ് സിപിഎമ്മിന് ഡെഡിക്കേറ്റ് ചെയ്യുന്നതായും കാലിബാഗ് പാലക്കാട് നിന്നും മറക്കാതെ സിപിഎം നേതാക്കൾ ഏറ്റുവാങ്ങണമെന്നുമാണ് കോൺഗ്രസ് പ്രവർത്തകരുടെ അപേക്ഷ.
പാലക്കാട് ഒരു രാത്രി മുഴുവൻ ഉറക്കം കെടുത്തിയ വിവാദമായിരുന്നു നീല ട്രോളി ബാഗ് എങ്കിൽ പത്തനംതിട്ടയിൽ വിജയാഘോഷമാണ് കോൺഗ്രസുകാർക്ക് ട്രോളി ബാഗ്. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്കയച്ചതിനേക്കാൾ ആഘോഷമായിട്ടായിരുന്നു പ്രവർത്തകർ നീല ട്രോളി ബാഗ് കയറ്റിയയച്ചത്. പാർസൽ ടിക്കറ്റൊക്കെ എടുത്ത് സർക്കാർ സംരക്ഷണയിൽ കെഎസ്ആർടിസി ബസിൽ സുരക്ഷിതമായ ഒരു യാത്ര. ബാഗിൽ പണമുണ്ടെങ്കിൽ എടുത്തോളാനും വെല്ലുവിളി.
മുദ്രാവാക്യം വിളിച്ച് ആഘോഷമായി ബാഗ് ഡ്രൈവർക്ക് കൈമാറി. വിജയാഘോഷം മധുര പ്രതികാരമായി നാലരമണിയോടെ ട്രോളി ബാഗ് പാലക്കാട്ടേക്ക് യാത്രതിരിച്ചു.