Bye-Cusat

 കൂട്ടുകാർക്ക് കണ്ണീർമൊഴിയേകി കുസാറ്റ് ക്യാംപസ്. വൈകാരികനിമിഷങ്ങളിലൂടെ കടന്നുപോയ ക്യാപസിലെ പൊതുദർശനത്തിൽ സുഹൃത്തുക്കളും അധ്യാപകരും രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും അടക്കം വിടപറഞ്ഞവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. 

 

ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം താമരശേരി സ്വദേശി സാറ തോമസിന്റെ മൃതദേഹമാണ് ആദ്യം ക്യാംപസിലേക്ക് കൊണ്ടുവന്നത്. പിന്നാലെ കളമശ്ശേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം അതുൽ തമ്പിയുടെയും  ആൻ റിഫ്റ്റയുടെയും മൃതദേഹവും എത്തി. കണ്ണുനിറഞ്ഞു നിസംഗമായ മുഖങ്ങളായിരുന്നു എവിടെയും. ഇടയ്ക്കിടെ വിങ്ങിപ്പൊട്ടി അരികിരുന്ന രക്ഷിതാക്കളടക്കം വേദനയായി. 

എല്ലാം ഏകോപിപ്പിച്ച് മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും ഹൈബി ഈഡൻ എം.പിയും മറ്റ് ജനപ്രതിനിധികളും ആദ്യാവസാനം വരെ ഉറ്റവർക്കൊപ്പം നിന്നു. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി.രാജീവ് റീത്ത് സമർപ്പിച്ചു. ഒടുവിലായി സ്പീക്കർ എ.എൻ.ഷംസീറും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അന്ത്യാഞ്ജലി അർപ്പിച്ചതോടെ പൊതുദർശനം പൂർത്തിയായി. 

 

ക്യാംപസിനോട് വിടപറഞ്ഞ് മൂന്ന് പേരും മടങ്ങുമ്പോൾ ഒരായിരം ഓർമകളും പേറി കൂട്ടുകാരും അധ്യാപകരും ബാക്കിയായി. പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫിന്റെ മൃതദേഹം രാവിലെ തന്നെ ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.