cusat-tragedy

 

കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ദുരൂഹതയെന്ന് ആരോപണം. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനായിരുന്നു സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നത്. വീഴ്ച വരുത്തിയവരെ സംരക്ഷിക്കാനായാണ് റിപ്പോർട്ട് വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.

 

നാല് സംഘങ്ങളാണ് കുസാറ്റിൽ ടെക്ഫെസ്റ്റിനിടെ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഇതിൽ സർവ്വകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണത്തിന് എതിരെയാണ് പ്രധാനമായും ആരോപണം ഉയരുന്നത്. നവംബർ 25ന് നടന്ന അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ 27ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് പുതിയ ഉപസമിതിയെ നിയോഗിച്ചത്. ഡിസംബർ ഒന്നിന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം. 

 

എന്നാൽ അപകടം നടന്ന് മാസമൊന്ന് പിന്നിട്ടിട്ടും റിപ്പോർട്ട് സിൻഡിക്കേറ്റിന് മുന്നിൽ എത്തിയിട്ടില്ല. പൊലീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതി, സബ് കലക്ടറുടെ മേൽനോട്ടത്തിലുള്ള സമിതി എന്നിവരും ഇരുവരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. നാല് അന്വേഷണ സംഘങ്ങളും മൊഴിയെടുക്കലും, തെളിവു ശേഖരണവുമടക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്.  എന്നിട്ടും തുടര്‍നടപടിയില്ലാത്തതിൽ ദുരൂഹത ഉണ്ടെന്നാണ് സർവകലാശാലയിലെ ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നത്.

 

നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഉപസമിതി റിപ്പോർട്ട് എത്തും എന്നാണ് സർവകലാശാലയിൽ നിന്നും ലഭിക്കുന്ന വിവരം. അപകടത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ആരോപണവിധേയരെ സംരക്ഷിക്കാൻ നീക്കം ഉണ്ടായാൽ ഈ ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകാനാണ് ജീവനക്കാരുടെ തീരുമാനം.

 

 

cusat stampede investigation delay