drbijoynandanvc-01
  • കണ്ണൂരിലെത്താന്‍ നിര്‍ദേശം
  • കുസാറ്റിലെ മറീന്‍ ബയോളജി വിഭാഗം ഡീനാണ് നിലവില്‍ പ്രൊഫ. ബിജോയ്

കണ്ണൂര്‍ സര്‍വകലാശാലയുടെ വിസിയുടെ ചുമതല ഡോക്ടര്‍ ബിജോയ് നന്ദന്. നിലവില്‍ കുസാറ്റിലെ മറീന്‍ ബയോളജി വിഭാഗം ഡീനാണ് ബിജോയ് നന്ദന്‍.ഉടന്‍ ഉത്തരവിറക്കുമെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. കണ്ണൂരിലേക്ക് പോകാന്‍ ബിജോയ്ക്ക് നിര്‍ദേശവും നല്‍കി. കണ്ണൂര്‍ വിസിയായായിരുന്ന ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് ഡോക്ടര്‍ ബിജോയ്ക്ക് ചുമതല നല്‍കിയത്. 

 

ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലോടെയാണെന്ന കടുത്ത പരാമര്‍ശം സുപ്രീംകോടതി നടത്തിയിരുന്നു. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും നിയമനത്തിന് മുന്‍കൈ എടുത്തെന്ന ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സമ്മര്‍ദത്തെ തുടര്‍ന്ന് നിയമനത്തിനുള്ള നിയമപരമായ അധികാരങ്ങൾ ഗവർണര്‍ ഉപേക്ഷിക്കുകയോ സര്‍ക്കാരിന് കീഴടങ്ങുകയോ ചെയ്തുവെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു.

 

സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്നായിരുന്നു ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പ്രതികരണം . റിവ്യു ഹര്‍ജി നല്‍കില്ലെന്നും വൈകാതെ ഡല്‍ഹിയില്‍ ജോലിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പുനര്‍നിയമനത്തില്‍ തെറ്റ് തോന്നിയിട്ടില്ലെന്നും താന്‍‌ ആവശ്യപ്പെട്ടിട്ടല്ല നിയമനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Professor Dr S. Bijoy Nandan to be appointed as Kannur VC