കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ പത്മന് യുട്യൂബില്‍ നിന്ന് മാസം അഞ്ചുലക്ഷം വരെ വരുമാനമെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍.  ജൂലൈയ്ക്കു ശേഷം ചാനലില്‍ നിന്ന് പണം ലഭിക്കാതായി. തട്ടിക്കൊണ്ടുപോകലിനെ ആദ്യം എതിര്‍ത്ത അനുപമ പിന്നീട് യോജിച്ചത് ഇക്കാരണത്താലാണെന്നും പൊലീസ് വിശദീകരിച്ചു. കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയാണ്. പത്മകുമാര്‍ കോവിഡിനുശേഷം കടുത്ത സാമ്പത്തികപ്രശ്നത്തിലായിരുന്നു. അഞ്ചുകോടിയുടെ ബാധ്യതയുണ്ടായിരുന്നു. അടിയന്തര ആവശ്യത്തിനായി 10 ലക്ഷം രൂപയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. പ്രതികള്‍ വന്‍ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം ചെയ്തത്. കടുത്ത സാമ്പത്തിക പ്രശ്നത്തിലായിരുന്ന പത്മകുമാര്‍ ഒരുവര്‍ഷമായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ആദ്യ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയത് ഒരു വര്‍ഷം മുന്‍പാണ്. കാറുമെടുത്ത് പല സ്ഥലങ്ങളിലും കുട്ടികളെ തേടിപ്പോയി. തട്ടിയെടുക്കാന്‍ എളുപ്പമുള്ള കുട്ടികളെയാണ് ലക്ഷ്യമിട്ടത്.– പൊലീസ് വിശദീകരിക്കുന്നു. 

 

ആദ്യദിവസം തന്നെ ലഭിച്ച സൂചന നിര്‍ണായകമായി. കൊല്ലം ജില്ലയില്‍ നിന്നുള്ളവര്‍ തന്നെ പ്രതികളെന്ന് വ്യക്തമായിരുന്നു. വീട്ടിലേക്ക് വിളിച്ച ശബ്ദസന്ദേശം മനസിലാക്കി നാട്ടുകാര്‍ തന്നെ വിവരംനല്‍കിയിരുന്നു. നാലു ദിവസത്തെ നിരന്തര അന്വേഷണത്തിന് ഒടുവിലാണ് പ്രതികളിലേക്ക് എത്തിയത്.  കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ സഹോദരന്റെ ചെറുത്തുനില്‍പ്പ് പ്രതീക്ഷിച്ചില്ലെന്ന് പ്രതികള്‍ മൊഴി നല്‍കി. കുട്ടിയുടെ സഹോദരനാണ് ഹീറോ. പെണ്‍കുട്ടിയും താരമാണ്. അവള്‍ നല്‍കിയ വിവരങ്ങള്‍ നിര്‍ണായകമായി. മുഖചിത്രം വരച്ചവരുടെ പങ്കും വളരെ പ്രധാനമാണ്. പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ വലിയ പിന്തുണയായിയെന്നും എ.ഡി.ജി.പി. അജിത് കുമാര്‍ പറഞ്ഞു. കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത് അനിതാകുമാരിയാണ്. മാധ്യമങ്ങളില്‍ നിന്നടക്കം പൊലീസിന് വന്‍ സമ്മര്‍ദം ഉണ്ടായെന്നും എ.ഡി.ജി.പി പറഞ്ഞു.

 

 

Kollam Girl Missing: ADGP Press Meet