പത്തു വർഷം ഭരണത്തിലിരുന്ന  ബി ആർ എസിനെ തെലങ്കാനയിൽ നിന്ന് തൂത്ത് എറിഞ്ഞതിന് കാരണം സംസ്ഥാനത്ത്  ആഞ്ഞടിച്ച ഭരണ വിരുദ്ധ വികാരം. കുടുംബഭരണമെന്ന ആക്ഷേപവും കോൺഗ്രസ് ഉന്നയിച്ച അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയാഞ്ഞതും കെ സി ആറിന് പുറത്തേയ്ക്കുള്ള വഴി  എളുപ്പമാക്കി. കയ്യിലുണ്ടായിരുന്ന 49 സീറ്റുകളാണ് കോൺഗ്രസ് കൊടുങ്കാറ്റിൽ ബി ആർ എസിന് നഷ്ടമായത്.

 

2014 ൽ തെലങ്കാന സംസ്ഥാന രൂപീകരണം മുതൽ തുടങ്ങിയ കെ സി ആർ തേരോട്ടത്തിനാണ് 10 വർഷങ്ങൾക്കിപ്പുറം കോൺഗ്രസ് വക പ്രഹരം. തെലങ്കാനയിലെ ജനങ്ങളായിരുന്നു കെ സി ആറിന്റെയും  ബി ആർ എസിന്റെയും എക്കാലത്തേയും പ്രതീക്ഷ. സംസ്ഥാന രൂപീകണത്തിന് വഴി ഒരുക്കിയ നേതാവിനെ തെലുങ്ക് ദേശവും അതുപോലെ തിരിച്ചു സ്നേഹിച്ചു. 2014 ലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ 119 ൽ 63 സീറ്റ് നൽകി ഭരണം കൈയ്യിൽ കൊടുത്ത നാട്  2018 ൽ 25 കൂടി വർധിപ്പിച്ച് 88 സീറ്റിൽ എത്തിച്ചു.

 

പക്ഷേ  അതെ അത്മവിശ്വാസവുമായി ഇറങ്ങിയ കെ സി ആറിനെ തെലങ്കാന പാഠം പഠിപ്പിച്ചു. 10 വർഷം ഭരണ പക്ഷത്തായ പാർട്ടിക്കിയ്ക്ക് എതിരെയുണ്ടായ സ്വഭാവിക ഭരണവിരുദ്ധ വികാരം അതിജീവിക്കാൻ പോയിട്ട്  പ്രതിരോധിക്കാൻ പോലും കഴിഞ്ഞില്ല. കാളീശ്വരം പദ്ധതിയിൽ അടക്കമുള്ള കോടികളുടെ അഴിമതി ആരോപണത്തെയും പുച്ഛിച്ച് തളളി. എല്ലാം കണ്ട ജനം കാറിന്റെ ടയർ തന്നെ പഞ്ചറാക്കി. 2020 ഡിസംബറിൽ  നടന്ന ഹൈദരബാദ് മുൻസിപ്പിൽ  തിരഞ്ഞെടുപ്പിൽ  തന്നെ ബി ആർ എസിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയതായിരുന്നു. ആകെയുള്ള 150 വാർഡുകളിൽ  95 ഇടത്ത് ബി ആർ എസ് തോറ്റു. 

 

കർഷകരെ ചേർത്തു പിടിച്ചും വികസന പദ്ധതികൾ പ്രഖ്യാപിച്ചും ആ ക്ഷീണം മാറ്റാൻ ശ്രമിച്ചെങ്കിലും ജനം കാറിൽ നിന്ന് ഇറങ്ങി കോൺഗ്രസിന് കൈ കൊടുത്തു എന്ന് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. അഴിമതി ആരോപണങ്ങളുടെ കറയിൽ,  മുൻപ് നടത്തിയ കെ സി ആർ കിറ്റടക്കമുള്ള ജനക്ഷേ പദ്ധതികളും ജനം മറന്നു. വേളം സമുദായത്തിൽ നിന്നുള്ള  കെ സി ആർ 80 ശതമാനത്തോളമുളള പിന്നോക്ക സമുദായത്തെയും സ്വാധീനിച്ചില്ല എന്ന് നഗര - ഗ്രാമ വ്യത്യാസങ്ങളില്ലാത്ത തോൽവിയിലൂടെ ഉറപ്പിക്കാം.നൽകിയതെല്ലാം തുടരാമെന്നാണ് കെ സി ആർ ആവർത്തിച്ച് പ്രചാരണങ്ങളിൽ പറഞ്ഞത് അതിനെക്കാൾ എല്ലാം കൂടുതൽ നൽകാമെന്ന് പറഞ്ഞ  കോൺഗ്രസിനെയാണ് തെലങ്കാന കേട്ടത് .വിശ്വസിച്ചത്.

 

 

Telangana Election Results : KCR Quits As Chief Minister After Congress Defeats BRS