സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ പിന്തുണച്ച് പാല രൂപത. മാണിക്യത്തിന്‍റെ തിളക്കം ഒരിക്കലും കുറയുന്നില്ല. രാജിക്കത്ത് സ്വീകരിച്ച മാര്‍പാപ്പ ആലഞ്ചേരിയെ തലോടുകയാണ് ചെയ്തതെന്നും എന്നാല്‍ സഭയ്ക്ക് അത് തിരുത്തലും മുന്നറിയിപ്പുമാണെന്നും രൂപതാധ്യക്ഷന്‍ മാര്‍ കല്ലറങ്ങാട്ട് പ്രതികരിച്ചു. ആ വലിയ നായകന്‍റെ സന്ദേശം വേണ്ടരീതിയില്‍ ഉള്‍ക്കൊള്ളുവാനും ചേര്‍ന്ന് നില്‍ക്കുവാനും ആത്മീയതയില്‍ ഗാംഭീര്യമുള്ള ഒറ്റ സിനഡായി നില്‍ക്കാനും ചിലപ്പോഴൊക്കെ കഴിയാതെ പോയിട്ടുണ്ട്. അദ്ദേഹത്തെയും ദൈവാരാധനാക്രമങ്ങളെയും വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ ഇതിനെല്ലാം സഭ ഉത്തരവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

2022 നവംബറില്‍ നല്‍കിയ രാജി മാര്‍പാപ്പ അംഗീകരിച്ചുവെന്ന് മാര്‍ ആലഞ്ചേരി മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയായിരുന്നു. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ് ചുമതലയേല്‍ക്കും വരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിക്കും. മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് എന്ന പേരിലാകും ഇനി അറിയപ്പെടുക. അതേസമയം കര്‍ദിനാള്‍ എന്ന നിലയില്‍ ചുമതലകള്‍ തുടരും. പടിയിറങ്ങുന്നത് സംതൃപ്തിയോടെയാണെന്നും എറണാകുളത്ത് തുടരാനാണ് ആഗ്രഹമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. 2011 ലാണ് മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റത്. എറണാകുളം–അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ക്കും മാറ്റം. മാര്‍ ആന്‍ഡ്രൂസ് താഴത്തിന് പകരം ‌മാര്‍ ബോസ്കോ പുത്തൂര്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കും.

 

Pala  Archdiocese back Mar Alencherry