സീറോ മലബാര്‍ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതാംഗവും മാര്‍പ്പാപ്പയുടെ യാത്രകളുടെ ചുമതലയുമുള്ള സെക്രട്ടറി ഓഫ് ദ് സ്റ്റേറ്റ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയതോടെ സന്തോഷത്തിലാണ് കുടുംബവും നാടും. ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കര്‍ദിനാള്‍ സ്ഥാനം അപ്രതീക്ഷിതമായിരുന്നെന്ന് കുടുംബം പറഞ്ഞു. 24ന് അദ്ദേഹം നാട്ടിലെത്തിയ ശേഷമാണ് ചടങ്ങുകള്‍ തുടങ്ങുക.
ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് മാര്‍പ്പാപ്പ ആ തീരുമാനം പ്രഖ്യാപിച്ചത്. പിന്നാലെതന്നെ വത്തിക്കാന്‍ സിറ്റിയില്‍ നിന്ന് നിയുക്ത കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാടന്‍ വീട്ടിലേക്കു വിളിച്ചു. ആദ്യം വിശ്വസിച്ചില്ലെങ്കിലും വിശദമായി അറിഞ്ഞപ്പോള്‍ വീട്ടിലാകെ സന്തോഷം.
ഇന്ത്യയില്‍ നിന്നൊരു വൈദികനെ നേരിട്ട് കര്‍ദിനാളായി ഉയര്‍ത്തുന്നത് ഇതാദ്യമാണ്. ആ അപൂര്‍വത ദൈവനിയോഗമെന്ന് മാതാവ്. 24ന് അദ്ദേഹം നാട്ടിലെത്തും. ഡിസംബര്‍ എട്ടിന് വത്തിക്കാനിലാണ് നിയമനം. അതിനുമുന്‍പായി ചങ്ങനാശ്ശേരിയില്‍ വെച്ച് മെത്രാഭിഷേകം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നൂറുകണക്കിന് പേരാണ് അദ്ദേഹത്തിന് ആശംസയറിക്കാന്‍ വീട്ടിലേക്ക് എത്തുന്നത്. ചങ്ങനാശ്ശേരി മാമ്മൂട് ലൂര്‍ദ്മാതാ ഇടവകാംഗമാണ് നിയുക്ത കര്‍ദിനാള്‍.