അന്തമില്ലാത്ത ആരോപണങ്ങളും വിമര്‍ശനങ്ങളും നേരിടുമ്പോഴും പിണറായി സര്‍ക്കാരിന്റെ ജനപിന്തുണയില്‍ കുറവുണ്ടായിട്ടില്ലെന്ന് സര്‍വേ. സര്‍ക്കാരിന്റെ പ്രകടനം ഏറ്റവും മികച്ചതെന്ന് മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 18.95 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 33.23 ശതമാനം പേര്‍ മികച്ചതെന്നും രേഖപ്പെടുത്തി. ശരാശരി പ്രകടനമെന്ന് പറഞ്ഞത് 29.05 ശതമാനം പേരാണ്. മോശമെന്ന് അഭിപ്രായമുള്ളത് 14.28 ശതമാനം പേര്‍ക്ക്. തീരെ മോശം എന്നുപറഞ്ഞത് 4.49 ശതമാനം മാത്രം.

 

മണ്ഡലാടിസ്ഥാനത്തില്‍ നോക്കിയാല്‍ പിണറായി സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലാണ്. ഇവിടെ സര്‍വേയില്‍ പങ്കെടുത്ത 37.47 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതെന്ന് വിലയിരുത്തി. മികച്ചതെന്ന് പറയുന്നവര്‍ 30.8 ശതമാനമാണ്. രണ്ടും ചേരുമ്പോള്‍ 68.27 ശതമാനം. സര്‍ക്കാര്‍ മോശമെന്നും തീരെ മോശമെന്നും അഭിപ്രായമുള്ളത് 8.4 ശതമാനം പേര്‍ക്ക് മാത്രം. മലപ്പുറത്ത് സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം പേരും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്. ഏറ്റവും മികച്ചതെന്ന് 33.86 ശതമാനവും മികച്ചതെന്ന് 41.11 ശതമാനവും വിലയിരുത്തുന്നു.

 

വടകര (ഏറ്റവും മികച്ചത്–29.75 / മികച്ചത്–32.29), ചാലക്കുടി (28.52/22.6), കോഴിക്കോട് (27.89/26.96), ഇടുക്കി (24.2/45.78), ആലത്തൂര്‍ (24.06/28.39), ആറ്റിങ്ങല്‍ (22.01/30.84), പത്തനംതിട്ട (17.62/38.72), മാവേലിക്കര (12.32/39.06) മണ്ഡലങ്ങളിലും പകുതിയിലേറെപ്പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലതാണെന്ന് അഭിപ്രായപ്പെടുന്നു.

 

സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനം തീരെ മോശമെന്ന് അഭിപ്രായമുള്ളവര്‍ കൂടുതലുള്ള മണ്ഡലങ്ങള്‍ കോട്ടയവും (10.5) കാസര്‍കോടും (8.5) കണ്ണൂരും (8.11) കൊല്ലവുമാണ്. ഇടുക്കി (0.55), തിരുവനന്തപുരം (0.86), പത്തനംതിട്ട (0.93) മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ്. പൊന്നാനിയില്‍ 30.79 ശതമാനം പേരുടെ നിലപാട് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്നാണ്. മാവേലിക്കരയില്‍ 25.43 ശതമാനം പേര്‍ക്കും കണ്ണൂരില്‍ 21.94 ശതമാനത്തിനും കാസര്‍കോട് 10.12 ശതമാനം പേര്‍ക്കും ഇതേ അഭിപ്രായമാണ്.

 

Here's how people in Kerala rate the State Government... Manorama News-VMR Mood of the State Survey reveals that the popularity of Pinarayi government is in tact.