പ്രധാനമന്ത്രിപദത്തില്‍ നരേന്ദ്രമോദിയുടെ പ്രകടനം എങ്ങനെയെന്ന് ചോദിച്ചാല്‍ കേരളത്തിലെ വോട്ടര്‍മാരുടെ ഉത്തരം സമ്മിശ്രം. ശരാശരി എന്ന് ഉത്തരം നല്‍കിയവര്‍ 32.91 ശതമാനം. ഏറ്റവും മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 11.52 ശതമാനം പേര്‍. 17.51 ശതമാനം മികച്ചതെന്നും രേഖപ്പെടുത്തി. രണ്ടും ചേരുമ്പോള്‍ 29 ശതമാനം പേര്‍ പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദിയുടെ പ്രകടനത്തില്‍ സംതൃപ്തരാണ്. എന്നാല്‍ മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 27.21 ശതമാനം പേര്‍ മോദിയുടെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടു. തീരെ മോശമെന്ന് 10.85 ശതമാനവും വിലയിരുത്തി. രണ്ടും ചേരുമ്പോള്‍ 38.06 ശതമാനം.

 

പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ പ്രകടനം ഏറ്റവും മികച്ചത് എന്ന് അഭിപ്രായമുള്ളവരുടെ എണ്ണം കൂടുതലുള്ളത് പത്തനംതിട്ട (21.23), തൃശൂര്‍ (19.86) പാലക്കാട് (18.11), കൊല്ലം (15.5), കണ്ണൂര്‍ (14.49) മണ്ഡലങ്ങളിലാണ്. മോദിയുടെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടവര്‍ കൂടുതല്‍ മാവേലിക്കരയിലാണ്. 31.19 ശതമാനം. പാലക്കാട് (28.94), ആലപ്പുഴ (25.68), കണ്ണൂര്‍ (25.53), പത്തനംതിട്ട (23.50), കോട്ടയം (23.25), ആറ്റിങ്ങല്‍ (20.79), തൃശൂര്‍ (20.69), തിരുവനന്തപുരം (20.57) മണ്ഡലങ്ങളില്‍ ഇരുപത് ശതമാനത്തിലധികം പേര്‍ മോദിയുടെ പ്രകടനത്തില്‍ തൃപ്തി രേഖപ്പെടുത്തി.

 

തിരുവനന്തപുരത്ത് 50.14 ശതമാനം പേരും ശരാശരി മാര്‍ക്കാണ് നല്‍കിയത്. കോട്ടയം (45.1), വടകര (44.48), ആലത്തൂര്‍ (38.88), കാസര്‍കോട് (38.12), പൊന്നാനി (37.97), കൊല്ലം (36.9), കണ്ണൂര്‍ (35.9)‍ എന്നിവയാണ് ശരാശരി പിന്തുണ ലഭിച്ച മറ്റ് മണ്ഡലങ്ങള്‍.

 

മലപ്പുറം മണ്ഡ‍ലത്തിലാണ് മോദിയുടെ പ്രകടനം തീരെ മോശമെന്ന് അഭിപ്രായമുള്ളവര്‍ കൂടുതല്‍. 23.58 ശതമാനം. മോശമെന്ന് 36.5 ശതമാനവും രേഖപ്പെടുത്തി. രണ്ടും ചേരുമ്പോള്‍ മലപ്പുറത്ത് മോദിയുടെ ജനപ്രീതി വളരെ താഴെയാണ്. ഏറെക്കുറെ സമാനമാണ് വയനാട്, ചാലക്കുടി മണ്ഡലങ്ങളിലെയും സ്ഥിതി. മോദിയുടെ പ്രകടനം മോശമെന്ന് അഭിപ്രായമുള്ളവര്‍ കുറവ് തിരുവനന്തപുരം മണ്ഡലത്തിലാണ്. 4.29 ശതമാനം തീരെ മോശമെന്നും 18 ശതമാനം മോശമെന്നും പറഞ്ഞു. രണ്ടും ചേരുമ്പോള്‍ 22.29 ശതമാനം.

 

Narendra Modi's performance rating in Kerala is not as good as elswhere in the country says, Manorama News-VMR Mood of the State Survey