കാനം രാജേന്ദ്രന് പിന്‍ഗാമിയായി ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയതോടെ സി.പി.ഐയുടെ ലോക് സഭാ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയിലും മാറ്റം. തിരുവനന്തപുരത്ത് പരിഗണിക്കപ്പെട്ടിരുന്ന ബിനോയ് വിശ്വത്തിന് പകരം ഡല്‍ഹിയില്‍ നിന്ന് സ്ഥാനാര്‍ഥി എത്തിയേക്കും. തൃശൂരില്‍ വി.എസ്.സുനില്‍കുമാര്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയേറി.  

കാനം രാജേന്ദ്രന്‍റെ നിര്യാണത്തിന് പിന്നാലെ സി.പി.ഐയില്‍ ചലനങ്ങള്‍ നടക്കുകയാണ്. ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് എത്തിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും സാധ്യതകള്‍ മാറിമറിയുകയാണ്. തിരുവനന്തപുരത്ത് ബിനോയ് വിശ്വത്തിനായിരുന്നു സാധ്യത. സെക്രട്ടറി സ്ഥാനത്തെത്തിയതോടെ അദ്ദേഹം മത്സരിക്കില്ലെന്ന് ഉറപ്പായി. പകരം ആരെന്ന ചോദ്യമാണ് ഇപ്പോള്‍ സി.പി.ഐക്ക് മുന്നില്‍. നിലവിലെ എം.പി.ശശി തരൂര്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സ്ഥിതിയാണ്. ബി.ജെ.പിയാണെങ്കില്‍ ദേശീയനേതാവിനെ ഇറക്കുമെന്നും കേള്‍ക്കുന്നു. ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ക്ക് ഒപ്പം നില്‍ക്കുന്ന ആരെ കണ്ടെത്തുമെന്ന് തലപുകയ്ക്കുകയാണ് സി.പി.ഐ. 

മനോരമ ന്യൂസ്– വി.എം.ആര്‍ അഭിപ്രായ സര്‍വേയില്‍ തിരുവനന്തപുരത്ത് ബി.ജെ.പിയെ മറികടന്ന് ഇടതുമുന്നണി മുന്നേറുമെന്നാണ് പ്രവചനം. പാര്‍ട്ടി ദേശീയനിര്‍വാഹക സമിതി അംഗം ആനി രാജയോ മകള്‍ അപരാജിതയോ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് ഇപ്പോള്‍ സി.പി.ഐയിലെ അടക്കം പറച്ചില്‍. കാനത്തിന് താല്‍പര്യമില്ലാതിരുന്ന വി.എസ്.സുനില്‍കുമാര്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകാനും സാധ്യതയേറി. 

സുനില്‍കുമാറെങ്കില്‍ തൃശൂര്‍ പിടിക്കാമെന്ന പ്രതീക്ഷ സി.പി.എമ്മിനുമുണ്ട്. തൃശൂരില്‍ ഇത്തവണ കടുക്കുമെന്നാണ് മനോരമ ന്യൂസ് സര്‍വേയുടെയും പ്രവചനം. സര്‍വേയില്‍ സി.പി.ഐ മുന്നേറ്റം പ്രവചിക്കുന്ന മാവേലിക്കരയില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്‍റെ പേരിനാണ് മുന്‍തൂക്കം. എ.ഐ.വൈ.എഫ് നേതാവ് സി.എ.അരുണ്‍കുമാറിനെ മത്സരിപ്പിക്കാനാണ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ താല്‍പര്യം. വയനാട്ടില്‍ ആരെന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥിയും സി.പി.ഐ അസിസ്റ്റന്‍റെ സെക്രട്ടറിയുമായ പി.പി.സുനീറിലേക്കു തന്നെ ഇത്തവണയും എത്തുമോ എന്നാണ് അറിയേണ്ടത്. 

CPI discussions on Loksabha election 2024