petitioner-in-babri-masjid-

 

അയോധ്യയിലെ പ്രതിഷ്ഠാച്ചടങ്ങിന് ശ്രീ രാമജന്മഭൂമി–ബാബറി മസ്ജിദ് കേസിലെ പ്രധാന ഹര്‍ജിക്കാരിലൊരാളായിരുന്ന ഇക്ബാല്‍ അന്‍സാരിക്ക് ക്ഷണം. ക്ഷേത്ര പൂജാരിമാരായി തിരഞ്ഞെടുത്തവരില്‍ പട്ടികജാതി, പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി പ്രതിഷ്ഠാദിനം ഉപവാസമനുഷ്ഠിക്കും. യുപി പൊലീസ് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.

 

ഇക്ബാല്‍ അന്‍സാരിയെ വീട്ടിലെത്തി പ്രതിഷ്ഠാച്ചടങ്ങിന് ക്ഷണിച്ചു. ഭൂമി പൂജയ്ക്കും ക്ഷണമുണ്ടായിരുന്നു. ഇക്ബാല്‍ അന്‍സാരി പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുത്തേക്കും. 3,240 അപേക്ഷകരില്‍ നിന്ന് 24 പേരെ ക്ഷേത്ര പൂജാരിമാരായി തിരഞ്ഞെടുത്തു. ഇവരില്‍ എസ്‍സി വിഭാഗത്തില്‍ നിന്ന് രണ്ട് പേരും ഒബിസി വിഭാഗത്തില്‍ നിന്ന് ഒരാളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഗുരുകുല രീതിയില്‍ മൂന്ന് മാസത്തെ പരിശീലനം ആരംഭിച്ചു. അയോധ്യ വിമാനത്താവളത്തിന് മഹര്‍ഷി വാത്മീകി രാജ്യാന്തര വിമാനത്താവളം, അയോധ്യ ധാം എന്ന് പേരു നല്‍കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ക്ഷേത്രത്തിന്‍റെ മുഖ്യകവാടത്തില്‍ സിംഹം, ഹനുമാന്‍, ഗരുഡന്‍, ആന എന്നിവയുടെ ശില്‍പങ്ങള്‍ സ്ഥാപിച്ചു. രാജസ്ഥാനിലെ ബന്‍സി പഹാഡ്പുര്‍ ഗ്രാമത്തില്‍ നിന്നുള്ള ശിലകളിലാണ് ശില്‍പങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 84 സെക്കന്‍റാണ് പ്രതിഷ്ഠയ്ക്കുള്ള സമയം. 

 

ഈ മാസം 22ന് ഉച്ചയ്ക്ക് 12.29 മുതല്‍ 12.30വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍. 21ന് വൈകീട്ട് പ്രധാനമന്ത്രി അയോധ്യയിലെത്തും. സരയൂവില്‍ കുളിച്ച് ഹനുമാന്‍ഗഢിയില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി പ്രതിഷ്ഠാച്ചടങ്ങിന് എത്തും. മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും സംസാരിക്കും. വിവിധ ജാതി വിഭാഗങ്ങളില്‍ നിന്നുള്ള 11 പേര്‍ക്ക് ആദ്യ ദര്‍ശനം. തിരുപ്പതി തിരുമല ദേവസ്ഥാനത്തുനിന്നും ഒരു ലക്ഷം ലഡുകള്‍ പ്രതിഷ്ഠാദിനം വിതരണം ചെയ്യും. തീര്‍ഥാടനകേന്ദ്രത്തിലെ ഡിജിറ്റില്‍ ഇടപാടുകള്‍ക്കായി അയോധ്യ നഗരസഭയും പേ ടിഎമ്മും കരാര്‍ ഒപ്പിട്ടു.

 

Main petitioner in Babri Masjid case invited to consecration ceremony at Ayodhya