• പൊന്നമ്പലമേട്ടില്‍ പുണ്യജ്യോതി
  • ഭക്തിയുടെ രത്‌നകിരീടം ചൂടി പൊന്നമ്പലമേട്
  • ദര്‍ശനസായൂജ്യം നേടി ജനസഹസ്രം

ഏകാഗ്രമായ മനസ്സുമായി ഭക്തിയിൽ ഒന്നുചേർന്ന് ജനസഹസ്രം. മൂർധാവിൽ മുട്ടിച്ചുവച്ച എണ്ണമറ്റ തൊഴുകൈകൾ ഉന്നംപിടിച്ച് നിന്നത് ഒരേ ലക്ഷ്യത്തിലേക്ക്. ആനന്ദത്തിന്റെ അപൂർവ കിരണം തേടി നിന്നവർക്ക് മുന്നിൽ അനുഗ്രഹവർഷമായി മകരജ്യോതി തെളിഞ്ഞു. മനംനിറഞ്ഞ് കൈകൂപ്പി നിന്ന ഭക്തലക്ഷങ്ങള്‍ മനം നിറഞ്ഞു വിളിച്ചു, സ്വാമിയേ ശരണമയ്യപ്പ... 

 

മലയിലെ തങ്കവെളിച്ചം ഭക്തലക്ഷങ്ങള്‍ മനസിലേറ്റി. പൊന്നമ്പലമേട്ടില്‍ മൂന്നു തവണ ജ്വലിച്ചുയര്‍ന്ന മകരവിളക്ക് കണ്ട് തൊഴുത് നിറഞ്ഞമനസോടെ അവര്‍ മലയിറങ്ങി. മകരവിളക്കിന് ശേഷമുള്ള പ്രധാന ചടങ്ങുകളെല്ലാം ഇനി മണിമണ്ഡപത്തിലാണ്. കണ്ടാലും മതിവരാത്ത കാഴ്ച. കേട്ടാലും തൃപ്തിവരാത്ത ശരണമന്ത്രം, അനുഭവിച്ചാലും പൂര്‍ണമെന്നു തോന്നാത്ത ഭക്തിമുഹൂര്‍ത്തം. ഒരിക്കല്‍ക്കൂടി മകരവിളക്ക് മനസിലെ പ്രകാശമായി ഏറ്റുവാങ്ങി കാനനവാസനെ തൊഴുതുവണങ്ങി തീര്‍ഥാടകര്‍ മലയിറങ്ങി.

 

പതിമൂന്നിന് പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയ്ക്ക് ആറ് മണിയോടെ ശരംകുത്തിയില്‍ സ്വീകരണം. തുടര്‍ന്ന് പതിനെട്ടാം പടിയിലേക്ക്. പ്രധാനപേടക വാഹകന്‍ പതിനെട്ടാംപടി ചവിട്ടി സന്നിധാനത്ത്. പുഷ്പാഭിഷേകവും പൂമാലകളുമായി ഭക്തര്‍ വരവേറ്റു. ശ്രീകോവിലിന് മുന്നില്‍ പേടകം ഏറ്റുവാങ്ങിയ തന്ത്രിയും മേല്‍ശാന്തിയും ശ്രീകോവിലിലേക്ക്. ദീപാരാധനയ്ക്ക് നടതുറന്നപ്പോള്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന്‍ . പിന്നെ ഏവരും കാത്തിരുന്ന നിമിഷമെത്തി. ജ്യോതി ആദ്യം തെളിഞ്ഞത് 6.47ന്. തുടര്‍ന്ന് രണ്ടുതവണകൂടി തെളിഞ്ഞു. 

 

കാനനപാതകള്‍ താണ്ടി അസൗകര്യങ്ങളില്‍ ദിവസങ്ങളോളം കഴിഞ്ഞവര്‍ക്ക് മലയിലെ വെളിച്ചം മുഖപ്രസാദമായി. തിരുവാഭരണഘോഷയാത്രകളില്‍ രണ്ട് പേടകങ്ങള്‍ മണിമണ്ഡപത്തിലെത്തി. ഇന്നു മുതല്‍ അഞ്ചുദിവസം കളമെഴുത്തും പാട്ടും കുരുതിയും പതിനെട്ടാംപടി വരെ അയ്യപ്പന്‍റെ എഴുന്നള്ളത്തും നായാട്ടു വിളിയും നടക്കും. ആറാം ദിനമാണ് അയ്യപ്പന്‍റെ ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്തും വിളക്കും വാദ്യഘോഷങ്ങളും ഒഴിവാക്കിയുള്ള തിരിച്ചെഴുന്നള്ളത്തും.