പണംപെരുപ്പിക്കല്‍ വാഗ്ദാനത്തില്‍ കുടുങ്ങി നടന്‍ കൊല്ലം തുളസിക്ക് ഇരുപത്തിരണ്ട് ലക്ഷം രൂപ നഷ്ടമായി. വട്ടിയൂര്‍ക്കാവ് സ്വദേശികളായ അച്ഛനും മകനും ചേര്‍ന്നാണ് തുളസിയുടെ പണം തട്ടിയെടുത്തത്. രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടിയതോടെ കൂടുതല്‍ പേര്‍ പരാതികളുമായി എത്തിത്തുടങ്ങി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ ദിവസവും മുന്നൂറ് രൂപ വീതം പലിശ നല്‍കും. 22 ലക്ഷം ഇട്ടാല്‍ ദിവസവും കിട്ടുന്നത് ആറായിരത്തി തൊള്ളായിരം രൂപ. പണം ഇരട്ടിപ്പിക്കലിന്റെ ഈ വാഗ്ദാനമാണ് കൊല്ലം തുളസിയെ കുഴിയില്‍ ചാടിച്ചത്.
വട്ടിയൂര്‍ക്കാവ് സ്വദേശികളായ സന്തോഷ്കുമാറും മകന്‍ ദീപക്കും ചേര്‍ന്ന് തുടങ്ങിയ ജി ക്യാപ്പിറ്റല്‍ എന്ന ധനകാര്യ സ്ഥാപനമായിരുന്നു തട്ടിപ്പ് കേന്ദ്രം. ആദ്യമൊക്കെ പലിശ കൃത്യമായി നല്‍കിയ ശേഷം ഒരു സുപ്രഭാതത്തില്‍ അച്ഛനും മകനും മുങ്ങി. രണ്ട് വര്‍ഷത്തോളം കേസിന് പുറകെ നടന്നു. ഡി.ജി.പിയില്‍ തുടങ്ങി നവകേരള സദസില്‍ വരെ പരാതി നല്‍കി. ഒടുവില്‍ ഡെല്‍ഹിയില്‍ നിന്നാണ് അച്ഛനെയും മകനെയും തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടിച്ചത്. പ്രതികളെ സ്റ്റേഷനിലെത്തി കണ്ട കൊല്ലം തുളസി പണം തിരികെ ചോദിച്ചെങ്കിലും നയാപൈസ കയ്യിലില്ലെന്നായിരുന്നു പ്രതികളുടെ മറുപടി.
father and son arrested after extorting 22 lakhs from actor kollam thulasi