kannur-central-jail-accused

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ഹർഷാദിന്റെ ജയിൽ ചാട്ടത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി തവനൂർ ജയിൽ സൂപ്രണ്ട് വി.ജയകുമാറിന്റെ അന്വേഷണ റിപ്പോർട്ട് .ഹർഷാദിനെ വെൽഫെയർ ഡ്യൂട്ടിക്ക് അടക്കം നിയോഗിച്ചത് വീഴചയായി റിപ്പോർട്ടിൽ പറയുന്നു.ജയിൽ ചാടി നാല് ദിവസം  കഴിഞ്ഞിട്ടും ഹർഷാദ് എവിടെയാണെന്നതിൽ പൊലീസിന് വ്യക്തതയില്ല.

10 വർഷം തടവിന് ശിക്ഷിക്കപെട്ട്  സെപ്റ്റംബർ 9 ന്  കണ്ണൂർ സെൻട്രൽ ജയിലിലെത്തി നാല് മാസം പിന്നിട്ടപ്പോഴാണ് ജയിൽ അധികൃതർ ഹർഷാദിന് വെൽഫെയർ ഡ്യൂട്ടി നൽകുന്നത്. ശിക്ഷാ കാലാവധി കഴിയാറായവർക്ക് മാത്രം നൽകുന്ന വെൽഫയർ ഡ്യൂട്ടി ഹർഷാദിന് നൽകിയതാണ് ജയിൽ അധികൃതരുടെ പ്രധാന വീഴ്ചയായി തവനൂർ ജയിൽ സൂപ്രണ്ട് വി.ജയകുമാർ  ജയിൽ ഡി ഐ ജിയ്ക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നത്.ഗെയ്റ്റ് കീപ്പറുടെ ചുമതല വഹിച്ചയാളുടെ വീഴ്ച്ചയും  ഉൾപ്പെടുത്തിയാണു പരാമർശം .ഹർഷാദിനെ നിരീക്ഷിക്കുന്നതിൽ ജയിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു.ഹർഷാദിന് രക്ഷപ്പെടാൻ ജയിൽ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടില്ലെന്ന നിഗമനവും റിപ്പോർട്ടിലുണ്ട്.. ജയിൽ ചാടാൻ ലഹരി സംഘവുമായി ഹർഷാദ് ആശയ വിനിമയം നടത്തിയത് തടവുകാർക്ക് ജയിൽ വകുപ്പ് ഫോൺ ചെയ്യാൻ നൽകുന്ന സ്മാർഡ് കാർഡ് ഉപയോഗിച്ചാണെന്നും റിപ്പോർട്ടിൽ  കണ്ടെത്തലുണ്ട്.കോഴിക്കോട് ജയിൽ ഡി ഐ ജിക്കു സമർപിച്ച റിപ്പോർട്ട് ജയിൽ ഡി ജി പിക്കു കൈമാറും. ഹർഷാദ് ബെംഗളൂരുവിലുണ്ടെന്ന സൂചനയ്ക്കപ്പുറം കാര്യമായ വിവരങ്ങൾ അവിടെ തങ്ങുന്ന അന്വേഷണ സംഘത്തിനും ലഭിച്ചിട്ടില്ല. ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഹർഷാദ് കോയമ്പത്തൂരിലേക്ക് കടന്നതായും വിവരമുണ്ട്..

 

 

Kannur jail superintendent submits report to jail DIG on jail break by Harshad