എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കലക്ടർക്കെതിരായ മൊഴിയിൽ ഉറച്ച് നവീൻ ബാബുവിന്റെ കുടുംബം. പെട്രോൾ പമ്പ് വിവാദത്തിലും യാത്രയയപ്പ് ചടങ്ങിലും ഗൂഢാലോചന സംശയിക്കുന്നതായി കുടുംബം അന്വേഷണസംഘത്തിന് മൊഴി നൽകി. കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പത്തനംതിട്ട മലയാലപ്പുഴയിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തത്.
പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചശേഷം ഇതാദ്യമായാണ് അന്വേഷണസംഘം നവീൻ ബാബുവിന്റെ കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തുന്നത്. ഉച്ചയോടെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയ സംഘം അടുത്ത ബന്ധുക്കളെ വിളിച്ചുവരുത്തി. മരണത്തിന് മുൻപും യാത്രയയപ്പ് യോഗത്തിലും നടന്ന സംഭവങ്ങളിൽ വ്യക്തത വരുത്തി. നവീൻ ബാബുവിന്റെ കോൾ ലിസ്റ്റുമായെത്തി വിളിച്ചിരുന്ന ആളുകളെക്കുറിച്ച് ചോദിച്ചറിഞ്ഞു. മരണത്തിന് ശേഷമുണ്ടായ തുറന്നുപറച്ചിലുകളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും കുടുംബത്തിൻറെ മൊഴിയെടുത്തു. മൊഴിയിലാരുടെയും പേര് പരാമർശിച്ചില്ലെങ്കിലും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ആളുകളെക്കുറിച്ച് കുടുംബം വ്യക്തമായ സൂചനകൾ നൽകി. കളക്ടർക്കെതിരായ മൊഴിയിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു എന്നിവർ ഉറച്ചുനിന്നു. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേത്യത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയെത്തിയ സംഘം രണ്ടു മണിക്കൂറിനുശേഷമാണ് മടങ്ങിയത്.