മന്ത്രിയായ ശേഷമുള്ള ആദ്യ പ്രഖ്യാപനത്തില്‍ തന്നെ പുലിവാല് പിടിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര്‍. ഇലക്ട്രിക് ബസുകള്‍ ഉപേക്ഷിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം സി.പി.എം തള്ളി. ജനങ്ങള്‍ക്ക് ആശ്വാസമുള്ള പദ്ധതിയൊന്നും ഉപേക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്തെ ജനങ്ങള്‍ സ്വീകരിച്ചതാണ് ഇലക്ട്രിക് ബസുകളെന്ന് വി.കെ.പ്രശാന്ത് എം.എല്‍.എയും നിലപാടെടുത്തു.
നഷ്ടമെന്ന് പറഞ്ഞ് മന്ത്രി അവഗണിച്ചത് തിരുവനന്തപുരത്തെ നൂറുകണക്കിന് സാധാരണക്കാര്‍ ആശ്രയിക്കുന്ന സിറ്റി സര്‍ക്കുലര്‍ ബസുകളെയാണ്. പത്ത് രൂപയുടെ ടിക്കറ്റെടുത്താല്‍ എവിടേക്കും പോകാമെന്നതാണ് മുന്‍മന്ത്രി ആന്റണി രാജു തുടങ്ങിയ സര്‍വീസുകളെ ജനപ്രീയമാക്കിയത്.
ആ ബസ് ഇല്ലാതായാല്‍ നാട്ടുകാര്‍ എതിരാകുമെന്ന് തിരിച്ചറിഞ്ഞ സി.പി.എം എം.എല്‍.എയായ വി.കെ.പ്രശാന്ത് തന്നെ മന്ത്രിക്കെതിരെ ആദ്യം രംഗത്തെത്തി. ഇലക്ട്രിക് ബസുകള്‍ വാങ്ങിയത് നയപരമായ തീരുമാനമാണ്. ലാഭകരമാക്കേണ്ടതും കൃത്യമായി അറ്റകുറ്റപ്പണി നടത്തേണ്ടതും കെഎസ്ആര്‍ടിസിയെന്നും വി.കെ.പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം: തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആര്‍ടിസി ചെയ്യേണ്ടത്. ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടമാണെന്നും പുതിയ ബസ്സുകള്‍ വാങ്ങില്ലെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു.
സ്വകാര്യലോബിയെ സഹായിക്കലും മുന്‍മന്ത്രിയോടുള്ള കലിപ്പുമാണ് ഇലക്ട്രിക് ബസുകള്‍ക്കെതിരെയുള്ള ഗണേഷിന്റെ നിലപാടിന് പിന്നിലെന്ന് ആക്ഷേപവുമുണ്ട്. പക്ഷെ ഇത്രയൊക്കെയായിട്ടും മന്ത്രി തിരുത്തിയിട്ടില്ല. ഇലക്ട്രിക് ബസുകളുടെ വരുമാനക്കണക്ക് ഹാജരാക്കാന്‍ സി.എം.ഡിക്ക് നിര്‍ദേശം നല്‍കി. നഷ്ടമെന്ന തെളിയിച്ച് സ്വന്തം നിലപാട് ആവര്‍ത്തിക്കാനാണ് ഒരുക്കം.
Prasanth MLA against Ganesh Kumar stance on electric bus